ലണ്ടനിലെ പ്രമുഖ ബാറുകളിൽ കയറി വലിയ വിലയുള്ള പ്രീമിയം മദ്യം കുടിച്ച ശേഷം പണം നൽകാതെ മുങ്ങിയ കേസിൽ ഫുട്ബോൾ താരം മിഷേൽ ഡോം ബെംവി നിയമക്കുരുക്കിൽ. 29-കാരനായ ബെംവി വെസ്റ്റ്മിൻസ്റ്റർ, കെൻസിങ്ടൻ, ചെൽസി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് പ്രശസ്തമായ റസ്റ്ററന്റുകളെയാണ് പറ്റിച്ചത്. ഈ വർഷം ജനുവരി 29-നും ഏപ്രിൽ 23-നും ഇടയിലുള്ള സമയത്താണ് താരം ആഹാരം കഴിച്ചും മദ്യപിച്ചും പണം നൽകാതെ കടന്നുകളഞ്ഞത്.
വിവിധയിടങ്ങളിൽ നിന്നായി ആകെ നാലര ലക്ഷത്തോളം രൂപ താരം കബളിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. ഇതിൽ രണ്ടര ലക്ഷം രൂപയോളം വിലവരുന്ന പ്രശസ്തമായ ‘യമസാകി മാൾട്ട് വിസ്കി’ ഉൾപ്പെടെയുള്ള വിദേശ മദ്യങ്ങളും അടങ്ങിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ബെംവി തനിക്കെതിരെയുള്ള കുറ്റങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായത്. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ഓർമ്മയില്ലെന്നാണ് ബെംവി കോടതിയിൽ പറഞ്ഞത്. താൻ ആ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ടെന്നത് ശരിയാണെന്നും എന്നാൽ ഇങ്ങനെ ചെയ്തതായി ഓർക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ജാമ്യം അനുവദിച്ച കോടതി, കേസിന്റെ തുടർന്നുള്ള വിചാരണയ്ക്കായി ഡിസംബർ ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്.




