തിരുവനന്തപുരം: അബുദാബിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം കാമുകൻ നാട്ടിലേക്ക് മുങ്ങുകയും ചെയ്തതിനെത്തുടർന്ന് യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ യുവതി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ടാക്സി വിളിച്ച് ഇവർ കഠിനംകുളത്തുള്ള യുവാവിന്റെ വീട്ടിലെത്തിയെങ്കിലും, യുവതിയെ കാണാനോ സംസാരിക്കാനോ യുവാവോ കുടുംബത്തോ തയ്യാറായില്ല. ഇതിനെത്തുടർന്ന് നിരാശയോടെ തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത യുവതി, പിറ്റേന്ന് വൈകിട്ടോടെ മുറിക്കുള്ളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ യുവതിയെ ഹോട്ടൽ ജീവനക്കാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത്. ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അബുദാബിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് കഠിനംകുളം സ്വദേശിയും ശ്രീലങ്കൻ യുവതിയും തമ്മിൽ പ്രണയത്തിലാകുന്നത്. യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ യുവാവ് ആരുമറിയാതെ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. മുൻപും ഇയാളെ തിരഞ്ഞ് യുവതി രണ്ടു തവണ തിരുവനന്തപുരത്ത് എത്തിയിരുന്നു. ആ സമയത്ത് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തിയിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ യുവാവും അയാളുടെ കുടുംബവും ചേർന്ന്, താൻ ഉടൻ തന്നെ പിന്നാലെ ശ്രീലങ്കയിലേക്ക് വരാമെന്ന് വിശ്വസിപ്പിച്ചാണ് അന്ന് യുവതിയെ നാട്ടിലേക്ക് മടക്കി അയച്ചത്.
എന്നാൽ നാട്ടിലെത്തിയ ശേഷം യുവതി പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് യുവതി വീണ്ടും തലസ്ഥാനത്ത് എത്തിയത്. വീട്ടിലെത്തിയിട്ടും കാമുകനെ കാണാൻ കഴിയാതെ വന്നതോടെ യുവതി മാനസികമായി തകരുകയായിരുന്നു. അതേസമയം, യുവതി വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ഭാര്യ കഠിനംകുളം പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)




