ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറുടെ വിനയപൂർവ്വമായ പെരുമാറ്റം ട്വന്റി20 മുംബൈ ലീഗ് മത്സരത്തിനിടെ ആരാധകരുടെ മനം കവര്ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ, ഒരു കൊച്ചു ആരാധകനോട് കാണിച്ച സ്നേഹപൂർവ്വമായ പെരുമാറ്റത്തിലൂടെ താരം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് .
തിങ്കളാഴ്ച വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ ആർക്സ് അന്ധേരിക്ക് വേണ്ടി അർജുൻ നടത്തിയ മാച്ച് വിന്നിങ് പ്രകടനത്തിനിടെ, താരം അടിച്ച ഒരു സിക്സർ ഗാലറിയിൽ ഇരുന്നിരുന്ന ഒരു കൊച്ചുകുട്ടിയുടെ തലയിൽ കൊണ്ടിരുന്നു.
എന്നാൽ മത്സരം കഴിഞ്ഞയുടൻ ആ കുട്ടിയുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ അർജുൻ മറന്നില്ല. തന്നോട് സംസാരിക്കാൻ അർജുൻ എത്തിയത് കുട്ടിയുടെ സങ്കടം മാറ്റി. അതിലുപരി തന്റെ ഒപ്പോടുകൂടിയ മാച്ച് ബോൾ അർജുൻ സമ്മാനിച്ചതോടെ ആ നിമിഷം കുട്ടിക്ക് എന്നും ഓർമ്മിക്കാവുന്ന ഒന്നായി മാറി. അർജുന്റെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആരാധകരുടെ ഹൃദയം കവർന്നു. പലരും അർജുനെ പിതാവായ സച്ചിന്റെ എളിമയോടാണ് ഉപമിച്ചത്.
മത്സരത്തിൽ അർജുന്റെ മികച്ച ഓൾറൗണ്ട് പ്രകടനം ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരെ തന്റെ ടീമിന് ഒൻപത് വിക്കറ്റിന്റെ വൻ വിജയം നേടിക്കൊടുത്തു.
ആദ്യം ബോളിങ്ങിൽ തിളങ്ങിയ അർജുൻ ഒരു മെയ്ഡൻ ഓവർ അടക്കം മൂന്ന് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ബാന്ദ്ര ബ്ലാസ്റ്റേഴ്സ് 144/9 എന്ന നിലയിൽ ഒതുങ്ങി. തുടർന്ന് റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ താരം 34 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്ന് മികച്ച പ്രകടനം പുറത്തെടുത്തു.
145 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ ആർക്സ് അന്ധേരിക്ക് തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അർജുനും മുഷീർ ഖാനും ചേർന്ന് കളി നിയന്ത്രണത്തിലാക്കി. 38 പന്തിൽ 54 റൺസുമായി മുഷീർ പുറത്താകാതെ നിന്നപ്പോൾ, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഇവരുടെ ആക്രമണാത്മക ബാറ്റിങ് മികവിൽ 13.5 ഓവറിൽ തന്നെ ആർക്സ് അന്ധേരി ലക്ഷ്യം കണ്ടു. മത്സരത്തിന് ശേഷം ടീം ക്യാപ്റ്റൻ ശിവം ദുബെ അർജുന്റെ ഓൾറൗണ്ട് പ്രകടനത്തെ വാനോളം പുകഴ്ത്തിയപ്പോഴും, ഡ്രെസ്സിങ് റൂമിൽ ശാന്തനായും എളിമയോടും കൂടിയാണ് ഈ യുവതാരം പെരുമാറിയത്.




