ഭോപ്പാൽ: സ്വന്തം വീടും അവിടെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങളും കാണിച്ച് ‘ഹോം ടൂർ’ വീഡിയോ പങ്കുവെച്ച യൂട്യൂബർ യുവതിയുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനിയിൽ താമസിക്കുന്ന പ്രമുഖ യൂട്യൂബർ രചന ഗുർജാറിന്റെ വീട്ടിലാണ് ഈ സംഭവം നടന്നത്. രചനയെയും കുടുംബാംഗങ്ങളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് അക്രമികൾ സ്വർണവും വെള്ളിയും പണവും അടക്കം പത്തുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്. വീട്ടിലുണ്ടായിരുന്ന എനർജി ഡ്രിങ്കിന്റെ ബോക്സുകൾ വരെ കള്ളന്മാർ കൊണ്ടുപോയതായി വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. വീടിനകത്ത് അതിക്രമിച്ചു കയറിയ കള്ളന്മാർ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാരെ മുറിക്കുള്ളിലാക്കി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഇതിനുശേഷമാണ് മറ്റ് മുറികളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഇവർ അപഹരിച്ചത്. പുലർച്ചെ നാല് മണിയോടെ ഉണർന്നപ്പോഴാണ് തങ്ങൾ അകത്തുപെട്ടുപോയ വിവരം രചനയും കുടുംബവും അറിയുന്നത്. തുടർന്ന് ഇവർ ബന്ധുക്കളെ ഫോണിൽ വിളിച്ചുവരുത്തുകയും, അവർ വന്ന് പൂട്ട് തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം തിരിച്ചുുവെച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. മുഖം മറച്ചെത്തിയ ഒരാൾ വടികൊണ്ട് ക്യാമറ തിരിക്കുന്ന ദൃശ്യങ്ങൾ ഒരു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രചന, അടുത്തിടെ തന്റെ വീടും ആഡംബര ജീവിതവും കാണിക്കുന്ന പല വീഡിയോകളും യൂട്യൂബിൽ ഇട്ടിരുന്നു. ഒരു വീഡിയോയിൽ വീടിന്റെ മുൻവാതിൽ മുതൽ എല്ലാ മുറികളും അവർ കാണിച്ചിട്ടുണ്ടായിരുന്നു.
മറ്റൊരു വീഡിയോയിലാകട്ടെ, തങ്ങളുടെ സ്വർണാഭരണങ്ങളും പണവും മേശപ്പുറത്ത് നിരത്തിവെച്ചാണ് ഇവർ കാണിച്ചത്. ഈ വീഡിയോകൾ കൃത്യമായി കണ്ട ശേഷമാണ് കള്ളന്മാർ മോഷണം പ്ലാൻ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. വീടിന്റെ ഉള്ളിലെ വഴികൾ, വിലപിടിപ്പുള്ള സാധനങ്ങൾ എവിടെയാണ് വെച്ചിരിക്കുന്നത്, വീട്ടിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം മനസ്സിലാക്കാൻ കള്ളന്മാർക്ക് ഈ വീഡിയോകൾ സഹായകരമായി. പ്രതികൾ ഈ ഗ്രാമത്തിലുള്ളവരോ അല്ലെങ്കിൽ അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരോ ആകാനാണ് സാധ്യതയെന്നും പോലീസ് സംശയിക്കുന്നു.




