ഹോളിവുഡിലെ ഗ്ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു.
താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം വേഷങ്ങള്‍ തന്നെ ആവേശം കൊള്ളിക്കുന്നില്ലെന്നും പറഞ്ഞു. ഇത് ഹോളിവുഡിലേക്ക് ഉടന്‍ മടങ്ങിവരുന്നില്ലെന്ന സൂചനയായിട്ട് കരുതുന്നുണ്ട്.
2014 ലെ ലോസ്റ്റ് റിവറിന് ശേഷം താരം ഇതുവരെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല. ഇതാകട്ടെ ജീവിതപങ്കാളി റയാന് ഗോസ്ലിംഗിന്റെ സംവിധായകനായുള്ള തുടക്കചിത്രവുമായിരുന്നു. അതിന് ശേഷം ഹോളിവുഡിലെ വെളളിവെളിച്ചത്തില്‍ നിന്നും അകന്നു കഴിയുകയാണ് താരം. മോഹിപ്പിക്കുന്ന വേഷം കിട്ടിയാല്‍ മാത്രമേ മടങ്ങിവരാന്‍ സാധ്യതയുള്ളെന്ന താരത്തിന്റെ സൂചനകള്‍ സിനിമയില്‍ നിന്നും വിരമിച്ചതിന് സമാനമാണ്.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമകള്‍, ഹിച്ച്, ഗോസ്റ്റ് റൈഡര്‍, ട്രെയിനിംഗ് ഡേ തുടങ്ങിയ സിനിമകളാണ് നടിക്ക് ഹോളിവുഡില്‍ സ്ഥാനം നേടിക്കൊടുത്തത്. 2011 ല്‍ ‘ദി പ്ളേസ് ബിയോണ്ട് ദി പൈന്‍സ്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് മെന്‍ഡിസ് സഹതാരമായിരുന്ന റയാന് ഗോസ്ലിംഗുമായി പ്രണയത്തിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ടുമുട്ടിയതെങ്കിലും ദീര്‍ഘകാലം പ്രണയം സ്വകാര്യമായി സൂക്ഷിക്കുകയും പൊതുവേദികളില്‍ നിന്നും മറച്ചും വെച്ചു. മൂന്ന് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്.