Featured Sports

‘അവന്‍ കുട്ടിയല്ലേ?… ആ ചെലവും ബിസിസിഐ വഹിക്കും’: വൈഭവ് സൂര്യവംശിക്കായി ബോർഡിന്റെ നിർണായക തീരുമാനം

പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ഒരു നിർണായക തീരുമാനവുമായി ബിസിസിഐ രംഗത്ത്. ഇന്ത്യൻ ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ട്വന്റി20 ടീമിലാണ് വൈഭവിന് ഇടം ലഭിച്ചത്. താരം പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ, പര്യടനത്തിലുടനീളം വൈഭവിനൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കൾക്കും ബിസിസിഐ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.

“വൈഭവ് പ്രായത്തിൽ ഒരു കുട്ടിയായതിനാൽ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അവനൊപ്പം മാതാപിതാക്കളെയും അയക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാൻ കഴിയും. അവരുടെ യാത്രയുടെയും താമസത്തിന്റെയും മുഴുവൻ ചെലവുകളും ക്രിക്കറ്റ് ബോർഡ് തന്നെ വഹിക്കും,” ബിസിസിഐ സെക്രട്ടറി ദേവ്ജിത് സക്കിയ സ്പോർട്സ്റ്റാറിനോട് വ്യക്തമാക്കി.

അടുത്തയാഴ്ച തുടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കാൻ ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയിലാണ് നിലവിൽ വൈഭവുള്ളത്. ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. ഇതിനുശേഷമായിരിക്കും ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി വൈഭവിന് സ്വന്തമാണ്. 1989-ൽ തന്റെ 16-ാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ സച്ചിൻ തെൻഡുൽക്കർ 37 വർഷമായി കൈവശം വെച്ചിരുന്ന റെക്കോർഡാണ് വൈഭവ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. കൂടാതെ, 18-ാം വയസ്സിൽ കളത്തിലിറങ്ങിയ വാഷിങ്ടൻ സുന്ദറിന്റെ പേരിലായിരുന്ന ട്വന്റി20യിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് മറികടന്നു.

കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനമാണ് വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 776 റൺസ് താരം അടിച്ചുകൂട്ടി. ഓറഞ്ച് ക്യാപ്, ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഈ മിന്നും പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചത്. വൈഭവിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *