സ്വന്തം അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും അതിനായി നിർബന്ധിക്കുകയും ചെയ്ത 38 വയസ്സുകാരനെ തായ്‌ലൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാംറോങ് തായ് പൊലീസാണ് ബാങ്കോക്കിൽ വെച്ച് പ്രതിയെ പിടികൂടിയതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താനും അമ്മയും ഭാര്യയും ഭർത്താവും ആണെന്നാണ് ഇയാൾ അയൽക്കാരോട് പറഞ്ഞിരുന്നത്.
മകൻ നേരിട്ടും ഫോൺ സന്ദേശങ്ങളിലൂടെയും നിരന്തരം ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ചിരുന്നതായി അമ്മ പറയുന്നു. മകൻ ലഹരിക്ക് അടിമയാണെന്നും ഇതിനുശേഷം അവനെ അഭിമുഖീകരിക്കാൻ തന്നെ തനിക്ക് ഭയമായിരുന്നുവെന്നും പരാതിയിലുണ്ട്. മകൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായും അമ്മ വെളിപ്പെടുത്തി.
അവന്റെ ആവശ്യങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പേടിച്ചാണ് താൻ ആദ്യം പോലീസിൽ പരാതിപ്പെടാൻ മടിച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.
അമ്മയുടെ പരാതിയെത്തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് ബാങ്കോക്കിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.




