Fitness

കാർഡിയോ മാത്രം പോരാ, ദിവസവും 4,000 ചുവടുകൾ നടത്തം; 5 മാസത്തിനിടെ അഞ്ജലി കുറച്ചത് 30 കിലോ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യം ചെയ്യുന്നത് കഠിനമായ ഡയറ്റുകളും ദിവസവും മണിക്കൂറുകളോളം നീളുന്ന ജിം വർക്കൗട്ടുകളുമായിരിക്കാം. എന്നാൽ ഒരാഴ്ച കഴിയുമ്പോഴേക്കും കടുത്ത ക്ഷീണവും ശരീരവേദനയും കാരണം പലരും ഇത് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. വളരെ ലളിതവും എന്നാൽ കൃത്യവുമായ പ്ലാനിങ്ങിലൂടെ 30 കിലോ ശരീരഭാരം കുറച്ച് വലിയ മാറ്റം സ്വന്തമാക്കിയ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ അഞ്ജലി സച്ചൻ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

84 കിലോയിൽ നിന്ന് 54 കിലോയിലേക്കുള്ള അഞ്ജലിയുടെ ഈ മാറ്റം കഠിനാധ്വാനത്തേക്കാൾ ഉപരി കൃത്യമായ സ്ഥിരതയ്ക്കാണ് മുൻഗണന നൽകിയത്. തന്റെ ശരീരത്തെ കേവലം വണ്ണം കുറയ്ക്കുന്ന ഒരു യന്ത്രമായി കാണാതെ, അതിന് പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ആവശ്യമായ സാവകാശം നൽകുകയാണ് അഞ്ജലി ചെയ്തത്.

സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെ ആദ്യ ദിവസം തന്നെ 10,000 ചുവടുകൾ നടക്കുക എന്നത് ശരീരഭാരം കൂടുതലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തുടക്കത്തിൽ ചെറിയ ലക്ഷ്യങ്ങൾ വെച്ച് മുന്നേറുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതെന്ന് അവർ ഓർമിപ്പിക്കുന്നു.

അഞ്ജലി തന്റെ ഫിറ്റ്നസ് യാത്ര തുടങ്ങിയത് വെറും 4,000 ചുവടുകൾ മാത്രം നടന്നുകൊണ്ടാണ്. ഇത്തരത്തിൽ ചെറിയ രീതിയിൽ ആരംഭിക്കുന്നത് കാൽമുട്ട് വേദന, സന്ധിവേദന, അമിതമായ ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. ശരീരത്തെ സാവധാനം വ്യായാമങ്ങളുമായി പാകപ്പെടുത്തുന്നതിലൂടെ പിൽക്കാലത്ത് വർക്കൗട്ടുകൾ ബോറടിച്ച് പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള സാധ്യത പൂർണ്ണമായും കുറയ്ക്കുന്നു.

ശരീരം ഓരോ ഘട്ടത്തോടും പൊരുത്തപ്പെട്ടു കഴിഞ്ഞാൽ മാത്രം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുക എന്നതാണ് അഞ്ജലി സ്വീകരിച്ച രീതി. ആദ്യ ഘട്ടത്തിൽ പ്രതിദിനം 4,000 ചുവടുകൾ നടന്ന് ശരീരത്തെ വേദനയില്ലാതെ ചലിപ്പിക്കാൻ ശീലിപ്പിച്ചു. രണ്ടാമത്തെ ഘട്ടത്തിൽ ഇത് 8,000 ചുവടുകളാക്കി ഉയർത്തുകയും ഒപ്പം ആഴ്ചയിൽ ഒരു തവണ ശ്വാസം മുട്ടാതെ സംസാരിക്കാൻ സാധിക്കുന്ന വേഗതയിലുള്ള ‘സോൺ–2’ കാർഡിയോ വ്യായാമം ചെയ്യുകയും ചെയ്തു.

മൂന്നാം ഘട്ടത്തിൽ 10,000 മുതൽ 12,000 വരെ ചുവടുകളും ആഴ്ചയിൽ രണ്ട് സോൺ–2 സെഷനുകളും ചെയ്ത് സ്റ്റാമിന വർധിപ്പിച്ചു. നാലാം ഘട്ടത്തിൽ 15,000 ചുവടുകളും ആഴ്ചയിൽ മൂന്ന് സോൺ–2 സെഷനുകളും ചെയ്തപ്പോൾ ശരീരത്തിന്റെ വീണ്ടെടുക്കലിന് കൂടുതൽ പ്രാധാന്യം നൽകി. അവസാന ഘട്ടത്തിൽ പ്രതിദിനം 20,000 ചുവടുകൾ വരെ അവർ നടന്നു. സന്ധികളുടെ ബലവും സ്റ്റാമിനയും വർധിക്കുന്നത് മനസ്സിലാക്കി മാത്രമാണ് ഓരോ ഘട്ടത്തിലും വ്യായാമത്തിന്റെ അളവ് കൂട്ടിയത്.

കാർഡിയോ വ്യായാമങ്ങൾ മാത്രം ചെയ്താൽ ഭാരം കുറയുമെന്ന് കരുതുന്നത് തെറ്റാണെന്ന് അഞ്ജലി വ്യക്തമാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലെ കാലറി കുറയ്ക്കുന്നതാണ് ശരീരഭാരം കുറയ്ക്കുന്നതിന്റെ അടിസ്ഥാനം. കാർഡിയോ ചെയ്യുന്നത് കൂടുതൽ ഊർജവും ഉന്മേഷവും നിലനിർത്താൻ മാത്രമാണ് സഹായിക്കുന്നത്. വ്യായാമം, ശരിയായ ഭക്ഷണക്രമം, ആവശ്യത്തിന് വിശ്രമം, ഉറക്കം എന്നിവയാണ് ഇതിൽ പ്രധാനമെന്നും അ‍ഞ്ജലി പറയുന്നു. പെട്ടെന്ന് വണ്ണം കുറയ്ക്കാൻ ക്രാഷ് ഡയറ്റുകൾക്ക് പിന്നാലെ പായുന്നവർക്ക് അഞ്ജലിയുടെ ജീവിതം വലിയൊരു പാഠമാണ്. ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കാനും, അതിനെ പതുക്കെ പരുവപ്പെടുത്തിയെടുക്കാനും തയാറായാൽ തീർച്ചയായും വലിയ മാറ്റങ്ങൾ ഉണ്ടാകും. ഒറ്റരാത്രികൊണ്ടല്ല, മാസങ്ങളുടെ സ്ഥിരതയാർന്ന പരിശ്രമം കൊണ്ടാണ് ഈ വിജയം സാധ്യമായതെന്ന് അഞ്ജലി ഓർമിപ്പിക്കുന്നു.