Featured Healthy Food

ഗ്രീൻ ടീ ആണോ ബ്ലാക്ക് കോഫിയാണോ ബെസ്റ്റ്? ആരോഗ്യത്തിനും തടി കുറയ്ക്കാനും ഒന്നാമൻ ആര്?

കയ്യിലൊരു ചൂടു ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നത് പലര്‍ക്കും ആലോചിക്കാനാവില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഗ്രീൻ ടീയും ബ്ലാക്ക് കോഫിയും ഒരുപോലെ പ്രിയമാണ്. ഇവ രണ്ടും കലോറി കുറഞ്ഞ പാനീയങ്ങളാണെങ്കിലും ശരീരത്തിൽ ഇവ പ്രവർത്തിക്കുന്ന രീതി വ്യത്യസ്തമാണ്.

ഗ്രീൻ ടീയുടെ ഗുണങ്ങൾ

ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിനുകൾ’, പ്രത്യേകിച്ച് ഇ.ജി.സി.ജി (EGCG) എന്ന ഘടകം ശരീരത്തിൽ ശേഖരിക്കപ്പെട്ട കൊഴുപ്പിനെ വേഗത്തിൽ എരിച്ചു കളയാൻ സഹായിക്കുന്നു. ഇതില്‍ കഫീന്റെ അളവ് കുറവായതിനാൽ ശരീരത്തിന് അസ്വസ്ഥതകൾ ഇല്ലാതെ തന്നെ ഉന്മേഷം നൽകാന്‍ കഴിയും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആഗ്രഹം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ‘എൽ-തിയാനിൻ’ എന്ന അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ, സ്ട്രെസ് മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.

ബ്ലാക്ക് കോഫിയുടെ ഗുണങ്ങൾ

ബ്ലാക്ക് കോഫിയിലെ ഉയർന്ന അളവിലുള്ള കഫീൻ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) വേഗത്തിലാക്കുകയും കൂടുതൽ കലോറി എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് മുൻപ് ബ്ലാക്ക് കോഫി കുടിക്കുന്നത് കായികക്ഷമത വർധിപ്പിക്കാൻ നല്ലതാണ്. ഇത് വിശപ്പിനെ താല്ക്കാലികമായി കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ പഞ്ചസാരയോ പാലോ ചേർക്കാതെ വേണം ഇത് കുടിക്കാൻ. അമിതമായി കാപ്പി കുടിക്കുന്നത് ഉറക്കത്തെ ബാധിക്കാനും മാനസിക സമ്മർദ്ദം കൂട്ടുന്ന ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർധിപ്പിക്കാനും കാരണമായേക്കാം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് കഠിനമായ വർക്കൗട്ടുകൾ ചെയ്യാൻ ബ്ലാക്ക് കോഫി ഊർജ്ജം നൽകും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും സമാധാനപരമായ ഉന്മേഷം ലഭിക്കാനും ഗ്രീൻ ടീയാണ് കൂടുതൽ അനുയോജ്യം. കാപ്പി കുടിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നവർക്കും ഉറക്കക്കുറവ് ഉള്ളവർക്കും ഗ്രീൻ ടീ തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗ്രീൻ ടീ തയ്യാറാക്കുമ്പോൾ തിളച്ച വെള്ളത്തിന് പകരം ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റ് മാത്രം ഇട്ടു വയ്ക്കുക. ബ്ലാക്ക് കോഫിയിൽ മധുരത്തിന് പകരം കറുവപ്പട്ട പൊടിയോ കൊക്കോ പൊടിയോ ചേർക്കാം. രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്നതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയൊന്നും ഒറ്റമൂലികളല്ലെന്നും കൃത്യമായ ഭക്ഷണക്രമത്തോടും വ്യായാമത്തോടും ഒപ്പം മാത്രമേ മികച്ച ഫലം ലഭിക്കൂ എന്നും ഓർക്കുക.