ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സൂര്യോദയത്തിനൊപ്പം ഉണരുകയും സൂര്യാസ്തമയത്തോടെ വിശ്രമിക്കുകയും ചെയ്യുമ്പോൾ, അലാസ്കയിലെ ഉത്ക്യാഗ്വിക് (Utqiagvik) നിവാസികൾ രാത്രിയില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. അമേരിക്കയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ഈ നഗരത്തിൽ വാർഷിക ‘മിഡ്നൈറ്റ് സൺ’ അഥവാ ‘പാതിരാസൂര്യന്റെ’ കാലം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇനി ഏകദേശം മൂന്ന് മാസക്കാലം സൂര്യൻ അസ്തമിക്കാതെ ആകാശത്ത് തന്നെ തുടരും.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ അപൂർവ്വ പ്രതിഭാസം ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കും. ഇതോടെ ഇവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം നീണ്ട പകൽവെളിച്ചത്തിലേക്ക് മാറിയിരിക്കുകയാണ്. നാഷണൽ വെതർ സർവീസ് പങ്കുവെച്ച ടൈംലാപ്സ് ദൃശ്യങ്ങളിൽ, പുലർച്ചെ 1:48-ന് സൂര്യൻ അല്പനേരത്തേക്ക് താഴുന്നതും എന്നാൽ 2:57-ന് തന്നെ വീണ്ടും ഉദിച്ചുയരുന്നതും കാണാം. ആർട്ടിക് വൃത്തത്തിന് 300 മൈൽ വടക്കായി സ്ഥിതി ചെയ്യുന്ന ഉത്ക്യാഗ്വിക് ഏകദേശം 4,500 ആളുകളുടെ താമസസ്ഥലമാണ്. അതിശക്തമായ വെളിച്ചവും ഇരുട്ടും മാറിമാറി വരുന്ന കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണിത്.
ഭൂമി അതിന്റെ അച്ചുതണ്ടിൽ ചരിഞ്ഞു നിൽക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലമാകുമ്പോൾ വടക്കൻ ധ്രുവം സൂര്യന് അഭിമുഖമായി ചരിഞ്ഞു നിൽക്കുന്നു. ഇത് ആർട്ടിക് പ്രദേശങ്ങളിൽ പകലും രാത്രിയും വെളിച്ചം ലഭിക്കാൻ കാരണമാകുന്നു. ഉത്ക്യാഗ്വിക് വളരെ വടക്കായി സ്ഥിതി ചെയ്യുന്നതിനാൽ ഈ കാലയളവിൽ സൂര്യൻ പൂർണ്ണമായും ചക്രവാളത്തിന് താഴേക്ക് മറയുന്നില്ല. പകരം പാതിരാത്രിയിലും ആകാശത്ത് തെളിഞ്ഞു നിൽക്കുന്നു.
ഇതിന് നേരെ വിപരീതമായ കാര്യമാണ് ശൈത്യകാലത്ത് സംഭവിക്കുന്നത്. നവംബർ അവസാനം മുതൽ ഇവിടെ ആഴ്ചകളോളം സൂര്യൻ ഉദിക്കാത്ത ‘പോളാർ നൈറ്റ്’ എന്ന പ്രതിഭാസം അനുഭവപ്പെടും. നോർവേ, സ്വീഡൻ, ഫിൻലാൻഡ് തുടങ്ങിയ ആർട്ടിക് രാജ്യങ്ങളിലും ഇത്തരത്തിൽ പാതിരാസൂര്യനെ കാണാൻ സാധിക്കാറുണ്ട്.




