തൃശൂർ ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് . സഞ്ജുവിന്റെ കളിയിലുണ്ടായ പുരോഗതിയിലും ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിലും താൻ അതീവ സന്തുഷ്ടനാണെന്ന് യുവരാജ് പറഞ്ഞു. തൃശൂർ മരത്താക്കരയിലുള്ള ധനലക്ഷ്മി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു യുവരാജ്.
‘‘കൊച്ചിയിൽ കളിച്ചപ്പോഴൊക്കെ വലിയ പിന്തുണയാണ് മലയാളി ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ജയിച്ചാലും തോറ്റാലും നിങ്ങൾ ടീമിനൊപ്പം നിൽക്കുന്നു. കേരളം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ രണ്ട് വലിയ താരങ്ങളാണ് ശ്രീശാന്തും സഞ്ജു സാംസണും. പ്രത്യേകിച്ച് സഞ്ജു ലോകകപ്പ് ടീമിൽ എത്തിയതും ഐപിഎല്ലിൽ കാഴ്ചവെക്കുന്ന സ്ഥിരതയാർന്ന പ്രകടനവും കാണുന്നത് വലിയ കാര്യമാണ്’’– യുവരാജ് കൂട്ടിച്ചേർത്തു.
ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ യുവരാജിനൊപ്പം നടി നവ്യ നായരും ചടങ്ങിൽ പങ്കെടുത്തിരുന്നു. യുവരാജ് അടിച്ച സിക്സിനു മുകളിൽ ഇനി ഏതായാലും ഒരുത്തനും അടിക്കാൻ പോകുന്നില്ലെന്ന് നവ്യ നായർ പ്രസംഗത്തിൽ പറഞ്ഞു. ‘‘ഞാൻ എന്റെ മകനോട് പറയാറുണ്ടായിരുന്നു, ആര് എങ്ങനെ കളിച്ചാലും ശരി, പക്ഷേ താങ്കൾ ഒരു ഓവറിൽ അടിച്ചുകൂട്ടിയ ആ സിക്സറുകൾ, അത് ഇനി ആരും ആവർത്തിക്കാൻ പോകുന്നില്ല. അതുപോലെ ഇനി ആരും ഞങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാനും പോകുന്നില്ല’’– യുവരാജിനെ വേദിയിലിരുത്തി നവ്യ പറഞ്ഞു. കൂപ്പുകൈകളോടെയാണ് നവ്യയ്ക്ക് യുവി നന്ദി പറഞ്ഞത്. ഇതിൽ കൂടുതൽ വിവരം ക്രിക്കറ്റിനെക്കുറിച്ച് തനിക്കില്ലെന്നും നവ്യ തമാശരൂപേണ കൂട്ടിച്ചേർത്തു.




