മുപ്പതു വർഷക്കാലം തുടർച്ചയായി ലോട്ടറി എടുത്ത അമേരിക്കയിലെ ടെക്സാസിലുള്ള ദമ്പതികൾക്ക് ഒടുവിൽ 41 ദശലക്ഷം ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) സമ്മാനം . ടെക്സാസിലെ റിച്ചാർഡ്സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരൊറ്റ നറുക്കെടുപ്പ് പോലും ഒഴിവാക്കാതെ ലോട്ടറി എടുക്കുമായിരുന്നു. ഏപ്രിൽ മാസത്തിൽ ഒരു കടയിൽ നിന്ന് വാങ്ങിയ ‘ക്വിക് പിക്’ ടിക്കറ്റിലൂടെയാണ് ഇവരെ തേടി ഭാഗ്യമെത്തിയത്.
വിജയിയുടെ പങ്കാളിയാണ് ആദ്യം ടിക്കറ്റ് പരിശോധിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോൾ പങ്കാളി തിരികെ പോയി ഉറങ്ങിയെങ്കിലും, സന്തോഷം കാരണം തനിക്ക് അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് വിജയി പറഞ്ഞു. തങ്ങളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ഈ ദമ്പതികൾ താൽപ്പര്യപ്പെടുന്നത്. സമ്മാനത്തുക ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാനും ലോകം ചുറ്റിക്കാണാനുമാണ് ഇവരുടെ പദ്ധതി.
അതേസമയം, ടെക്സാസിൽ തന്നെ മറ്റൊരു ലോട്ടറി ജേതാവിനായുള്ള തിരച്ചിലിലാണ് അധികൃതർ. 2025 നവംബറിൽ നടന്ന നറുക്കെടുപ്പിൽ 78 ദശലക്ഷം ഡോളർ സമ്മാനം ലഭിച്ച വ്യക്തി ഇതുവരെ പണം കൈപ്പറ്റാൻ എത്തിയിട്ടില്ല. മെയ് 14 വൈകുന്നേരം 5 മണിക്കു മുൻപായി ഈ വിജയി എത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിലേക്ക് തിരിച്ചുപോകും. നികുതി കഴിച്ചുള്ള തുക ഏകദേശം 43 ദശലക്ഷം ഡോളറോളം വരും. ഈ അവസാന നിമിഷത്തിലും യഥാർത്ഥ വിജയിക്കായി കാത്തിരിക്കുകയാണ് ലോട്ടറി വകുപ്പ്.




