അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.
ദസറയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്.
ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ വേദിയിലെത്തിയത്. വേദിയിലെത്തിയ കങ്കണയുടെ കൈകളിൽ അമ്പും വില്ലും നൽകി രാവണദഹനം ചടങ്ങ് ചെയ്യാൻ ആവശ്യപെട്ടു. എന്നാൽ അമ്പ് അയക്കാൻ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുന്നതായി വീഡിയോയിലുണ്ട്. തുടര്‍ന്ന് ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പെയ്തു. താരം പരാജയപ്പെട്ടു. അപ്പോൾ കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കാണാം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയും ഈ ചടങ്ങിന് എത്തിയിരുന്നു.
വീഡിയോ വൈറൽ ആയതോടെ പല രീതിയിലുള്ള കമന്റുകളും അതിന്റെ കൂടെ വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പല രീതിയിലാണ് പ്രചരിക്കുന്നത്. ‘സിനിമയില്‍ വലിയ ആക്ഷനുകള്‍ ചെയ്യുന്ന കങ്കണയ്ക്ക് നിസാരമായ ഒരു അമ്പ് എയ്യാൻ സാധിക്കാത്തത് ഞെട്ടിച്ചു, സിനിമ താരങ്ങള്‍ സിനിമയില്‍ പല അത്ഭുതം കാണിക്കുമെങ്കിലും യാഥാര്‍ത്ഥ ജീവിതത്തില്‍ നിസാര കാര്യം പോലും ചെയ്യാന്‍ കഴിയാത്തവരാണ്’ എന്നതടക്കമാണ് കമന്റുകൾ.
ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള കങ്കണയുടെ തീരുമാനത്തെ പ്രശംസിക്കുന്നവരുമുണ്ട്. കേന്ദ്രം വനിത സംവരണ ബില്ല് പാസാക്കിയതിന്റെ ആദരവായാണ് ഇത്തവണ ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയില്‍ രാവണ്‍ ദഹന്‍ നിര്‍വഹിക്കാന്‍ ഒരു വനിതയെ ക്ഷണിച്ചത് എന്നാണ് സംഘാടകരുടെ അഭിപ്രായം.