Oddly News

സൈബീരിയന്‍ മിശിഹയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജീസസ് ക്രൈസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്റെ കഥ

വിസേറിയന്‍ എന്നാല്‍ ‘പുതിയ ജീവന്‍ നല്‍കുന്നവന്‍’ എന്നാണര്‍ത്ഥം. വിസോരിയന്‍ എന്നും അറിയപ്പെടുന്ന സെര്‍ജി അനറ്റോലിയേവിച്ച് ടോറോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ ‘അന്തിമവിധി സഭ’യെക്കുറിച്ചും കേട്ടിട്ടുണ്ടോ? 30 വര്‍ഷം മുമ്പ് ദൈവപുത്രനായി സ്വയം പ്രഖ്യാപിച്ച് വിസാരിയോന്‍ ആരംഭിച്ച സഭയാണിത്.

ടോറോപ്പിന്റെ വെബ് സൈറ്റ് പ്രകാരം 1961 ജനുവരി 14 നാണ് അദ്ദേഹം ജനിച്ചത്. 1990 ഓഗസ്റ്റില്‍ 29 വയസ്സുള്ളപ്പോള്‍ ഒരു ആത്മീയ ഉണര്‍വ് ഉണ്ടാകുന്നതുവരെ അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. 1991 ഓഗസ്റ്റില്‍, വിസാരിയോണ്‍ മൈനുസിങ്കില്‍ തന്റെ ആദ്യത്തെ പൊതുബോധനം നടത്തുകയും തന്റെ ആത്മീയ സമൂഹമായ ‘അന്ത്യവിധി സഭ’ സ്ഥാപിക്കുകയും ചെയ്തു.

കര്‍ശനമായ പാരിസ്ഥിതിക തത്ത്വങ്ങള്‍ പാലിക്കുന്ന ‘അന്ത്യവിധിസഭ’യ്ക്ക് റഷ്യയില്‍ 4000 അനുയായികളും ലോകത്തുടനീളമായി 10,000 അനുയായികളുമുള്ളതായി ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച ഈ സൈബീരിയന്‍ യേശുവിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ സഭ അവകാശപ്പെടുന്നു. അതേസമയം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, ബുദ്ധമതം, അപ്പോകാലിപ്റ്റിസം, പാരിസ്ഥിതിക തത്വങ്ങള്‍ എന്നിവയുടെ വിചിത്രമായ മിശ്രിതമാണ് സെര്‍ജിയുടെ മതവിശ്വാസങ്ങളെന്ന് ആരോപണം ഉണ്ട്.

ലോകാവസാനം അടുത്തിരിക്കുകയാണെന്നും തന്നെ അനുഗമിക്കുന്നവര്‍ മാത്രമേ രക്ഷ നേടുകയുള്ളൂവെന്നും വിസാരിയോന്‍ അനുഗാമികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 2002ല്‍ വിസേറിയന്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു, ‘ഞാന്‍ ദൈവമല്ല. യേശുവിനെ ദൈവമായി കാണുന്നത് തെറ്റാണ്. എന്നാല്‍ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനം ഞാന്‍ ആകുന്നു. ദൈവം പറയാന്‍ ആഗ്രഹിക്കുന്നതെല്ലാം അവന്‍ എന്നിലൂടെ പറയുന്നു.”

ദി ഗാര്‍ഡിയന്‍ പറയുന്നത് അനുസരിച്ച്, സമൂഹത്തില്‍ താമസിക്കുന്ന അന്ത്യവിധിസഭയുടെ അനുയായികള്‍ കര്‍ശനമായ സസ്യാഹാരം കഴിക്കുക, ലളിതമായി വസ്ത്രം ധരിക്കുക, മദ്യപാനം, പുകവലി ശീലങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങി കര്‍ശനമായ നിയമങ്ങള്‍ പാലിക്കണം. വിസേറിയന്‍ ‘ക്രിസ്മസ് നിര്‍ത്തലാക്കുകയും പകരം സ്വന്തം ആദ്യത്തെ പ്രസംഗത്തിന്റെ തീയതിയുടെ വാര്‍ഷികം (ഓഗസ്റ്റ് 18) നല്‍കുകയും ചെയ്തു എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, വിക്കിപീഡിയ അനുസരിച്ച്, അവസാനനിയമ സഭയുടെ കലണ്ടര്‍ ആരംഭിക്കുന്നത് 1961-ല്‍ വിസാരിയോന്റെ ജനന ദിവസം മുതലാണ്.