Featured Good News

രാജ്യത്തിന്റെ കാവൽക്കാരന് കുഞ്ഞു കൈകളുടെ ഒരു ബിഗ് സല്യൂട്ട് ! ഹൃദയം നിറയ്ക്കും ഈ വീഡിയോ

വിമാനത്താവളത്തിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്.എഫ്) ഒരു ഉദ്യോഗസ്ഥന് കൊച്ചു പെൺകുട്ടി സല്യൂട്ട് നൽകുന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചത്.

യൂണിഫോമിനോട് ഏറ്റവും പ്രായം കുറഞ്ഞ പൗരന്മാർ പോലും വെച്ചുപുലർത്തുന്ന ആദരവിന്റെയും അഭിമാനത്തിന്റെയും പ്രതിഫലനമാണ് ഈ കൊച്ചു പെൺകുട്ടിയുടെ പ്രവൃത്തിയെന്ന് സി.ഐ.എസ്.എഫ് കുറിച്ചു. ഇതൊരു വെറും സല്യൂട്ട് മാത്രമല്ലെന്നും, ഇതിലൂടെ ജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ദൃഢമായ ബന്ധമാണ് വെളിപ്പെടുന്നതെന്നും കുറിപ്പിൽ പറയുന്നു. നിഷ്കളങ്കതയും കടമയും തമ്മിൽ കണ്ടുമുട്ടുമ്പോൾ അവിടെ ശുദ്ധമായ മാന്ത്രികതയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സേന കൂട്ടിച്ചേർത്തു.

ഭാവി തലമുറയുടെ സ്നേഹവും സുരക്ഷയും സംരക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ സേവനമനുഷ്ഠിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ നിമിഷമെന്ന് സി.ഐ.എസ്.എഫ് വ്യക്തമാക്കി. സല്യൂട്ട് ചെയ്യുന്ന പെൺകുട്ടിയുടെ ഈ സ്നേഹപ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങൾക്ക് പാത്രമായി. “ഏറ്റവും ശക്തമായ സല്യൂട്ട് ഹൃദയത്തിൽ നിന്ന് വരുന്നതാണ്, സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ജനങ്ങളുടെ സ്നേഹമാണ് ഈ ചിത്രം കാട്ടിത്തരുന്നത്” എന്ന് ഒരാൾ കുറിച്ചപ്പോൾ, സൈനികരുടെ കാവൽ ഉള്ളതുകൊണ്ടാണ് തങ്ങൾ സമാധാനമായി ജീവിക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.