Health

ദാഹം തോന്നുമ്പോഴാണോ നിങ്ങൾ വെള്ളം കുടിക്കുന്നത്? എങ്കിൽ നിങ്ങൾക്ക് തെറ്റി!

ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ? ബംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ഡോക്ടർ പൂജ പിള്ള പറയുന്നത് ദാഹം എപ്പോഴും ഒരു കൃത്യമായ സൂചനയാകില്ല എന്നാണ്. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ദ്രാവകങ്ങൾ വേഗത്തിൽ നഷ്ടപ്പെടുമ്പോൾ, ദാഹം തോന്നും മുൻപേ പലപ്പോഴും നമ്മുടെ ശരീരം നിർജ്ജലീകരണത്തിന്റെ (Dehydration) ആദ്യഘട്ടങ്ങളിൽ എത്തിയിട്ടുണ്ടാകും. “ദാഹം എന്നത് വൈകി ലഭിക്കുന്ന ഒരു സിഗ്നലാണ്. നിങ്ങൾക്ക് ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരം നേരിയ തോതിൽ നിർജ്ജലീകരണത്തിന് വിധേയമായിട്ടുണ്ടാകാം,” ഡോക്ടർ വ്യക്തമാക്കുന്നു.

വിയർപ്പിലൂടെയും ശ്വസനത്തിലൂടെയും ദഹന പ്രക്രിയയിലൂടെയും ശരീരം നിരന്തരം ജലം പുറന്തള്ളുന്നുണ്ട്. കഠിനമായ ചൂടിലോ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോഴോ ഈ നഷ്ടം വളരെ വേഗത്തിലാകും. എന്നാൽ ഈ നഷ്ടത്തിനനുസരിച്ച് ദാഹത്തിന്റെ സിഗ്നലുകൾ നൽകാൻ നമ്മുടെ തലച്ചോറിന് സാധിക്കാറില്ല. അതിനാൽ ദാഹം തോന്നുന്നതുവരെ കാത്തുനിൽക്കാതെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം. പ്രായമായവരിലും കുട്ടികളിലും ദാഹത്തിന്റെ ഈ സിഗ്നലുകൾ തിരിച്ചറിയാൻ കൂടുതൽ പ്രയാസമാണ്. പ്രമേഹം, വൃക്കസംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവർ നിർജ്ജലീകരണം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ശരിയായ രീതിയിലുള്ള ജലാംശം നിലനിർത്താൻ മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുന്നത് സഹായിക്കും. മൂത്രത്തിന് ഇളം മഞ്ഞ നിറമാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് മനസ്സിലാക്കാം. വെറും വെള്ളത്തിന് പുറമെ ഇളനീർ, മോര്, വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ദാഹം ഉണ്ടാകുമ്പോൾ മാത്രം കുടിക്കുന്നതിന് പകരം, നേരത്തെ തന്നെ വെള്ളം കുടിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. വേനൽക്കാലത്ത് ദാഹത്തിനായി കാത്തിരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.