Health

അതിരാവിലെ 6 മണിക്ക് ഫോൺ നോക്കാറുണ്ടോ? നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ

രാവിലെ 6 മണിക്ക് ഉണർന്ന ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ? ഇത് നിങ്ങളുടെ മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയുക. ഒരു കാലത്ത് പ്രഭാതങ്ങൾ വളരെ സാവധാനവും സമാധാനപരവും ആയിരുന്നു. എന്നാൽ ഇന്ന് പലർക്കും കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ദിവസം ആരംഭിക്കുന്നു. ഫോൺ കയ്യിലെടുക്കുന്നു, നോട്ടിഫിക്കേഷനുകൾ പരിശോധിക്കുന്നു, സന്ദേശങ്ങൾക്ക് മറുപടി നൽകുന്നു. മിനിറ്റുകൾക്കുള്ളിൽ മനസ്സ് തിരക്കുകളിലേക്ക് ആഴ്ന്നുപോകുന്നു. ‘6 എഎം ഫോൺ റൂൾ’ (6 AM phone rule) എന്ന് വിളിക്കപ്പെടുന്ന ഈ ശീലം നിസ്സാരമായി തോന്നാമെങ്കിലും അത് നമ്മുടെ ദിവസത്തെ തന്നെ മാറ്റിമറിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദിവസത്തിന്റെ ആദ്യ മണിക്കൂർ വെറുമൊരു സമയക്രമമല്ല, മറിച്ച് അത് നിങ്ങളുടെ മനസ്സിന്റെ അന്നത്തെ അവസ്ഥ നിശ്ചയിക്കുന്ന ഘട്ടമാണെന്ന് ഡിജിറ്റൽ ഡിറ്റോക്സ് വിദഗ്ധയായ ഡോ. രേഖ ചൗധരി പറയുന്നു. രാവിലെ ഫോൺ നോക്കുന്നത് കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാൻ സഹായിക്കുമെന്ന് നമുക്ക് തോന്നാം. എന്നാൽ മസ്തിഷ്കം ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. ശാന്തമായ ഒരവസ്ഥയിൽ നിന്ന് ദിവസം തുടങ്ങുന്നതിന് പകരം, ഉണർന്ന ഉടൻ സ്‌ക്രീനിലേക്ക് നോക്കുമ്പോൾ മനസ്സ് പെട്ടെന്ന് തന്നെ പ്രതികരണങ്ങളുടെ (reactivity) ഒരു വലയത്തിലേക്ക് വീണുപോകുന്നു. നിങ്ങളുടെ സ്വന്തം ചിന്തകൾക്ക് പകരം പുറമെ നിന്നുള്ള വിവരങ്ങൾ മനസ്സിനെ കീഴടക്കുന്നു.

ഈ ശീലം തുടരുന്നത് മാനസിക തളർച്ചയിലേക്കും ഏകാഗ്രത കുറയുന്നതിനും കാരണമാകും. അനാവശ്യമായ സമ്മർദ്ദം, ദേഷ്യം, ആശങ്ക എന്നിവയ്ക്കും ഇത് വഴിതെളിക്കുന്നു. വിശ്രമം, വ്യായാമം തുടങ്ങിയ ശരീരത്തിന്റെ സ്വാഭാവിക ആവശ്യങ്ങളെ അവഗണിക്കാൻ ഈ ശീലം നമ്മെ പ്രേരിപ്പിക്കുന്നു. രാവിലെ ഫോൺ നോക്കുന്നത് ഒരു തയ്യാറെടുപ്പായി ചിലർ കാണുന്നുണ്ടെങ്കിലും, ഇതിന്റെ സമയം ആണ് പ്രധാന പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ മനസ്സ് ബാഹ്യമായ കാര്യങ്ങളോട് പ്രതികരിക്കാൻ തുടങ്ങിയാൽ പിന്നെ സ്വയം നിയന്ത്രണം വീണ്ടെടുക്കുക പ്രയാസമാണ്.

പഴയകാലത്ത് പ്രഭാതങ്ങൾ നിശബ്ദതയ്ക്കും ധ്യാനത്തിനും വ്യായാമത്തിനുമായി മാറ്റിവെച്ചിരുന്നവയാണ്. ലോകത്തിന്റെ തിരക്കുകൾ തലയിലേക്ക് കയറ്റുന്നതിന് മുൻപ് മനസ്സിന് അല്പം ഇടം നൽകുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. രാവിലെ ഫോൺ ഉപയോഗിക്കുന്നത് ഒരു മണിക്കൂർ എങ്കിലും വൈകിപ്പിക്കാനാണ് ഡിജിറ്റൽ വെൽനസ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇത് മസ്തിഷ്കത്തിന് സ്വാഭാവികമായ രീതിയിൽ ഉണരാൻ സമയം നൽകുന്നു. നിങ്ങളുടെ പ്രഭാതം നിങ്ങളുടെ നിയന്ത്രണത്തിലാണോ അതോ മറ്റാരെങ്കിലും അയക്കുന്ന സന്ദേശങ്ങളുടെയും വിവരങ്ങളുടെയും നിയന്ത്രണത്തിലാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. നിങ്ങളുടെ ദിവസം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം.