കൈകാലുകളില്ലാതെ ജനിച്ചിട്ടും തന്റെ വൈകല്യങ്ങളെ അതിജീവിച്ച് മൂന്ന് മക്കളെ വളർത്തി വലുതാക്കിയ 81-കാരിയായ ചൈനീസ് സ്വദേശിനിയുടെ ജീവിതകഥ ലോകത്തിന് വലിയൊരു പ്രചോദനമാവുകയാണ്. വടക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് യുഷി എന്ന ഈ അമ്മയെ സോഷ്യൽ മീഡിയ “ഏറ്റവും കരുത്തയായ ചൈനീസ് മാതാവ്” എന്നാണ് വിശേഷിപ്പിക്കുന്നത്.
ജന്മനാ കൈകാലുകളില്ലാത്ത അവസ്ഥയിലായിരുന്നു വാങ് ജനിച്ചത്. ജീവിതത്തിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിട്ട അവർക്ക് 27-ാം വയസ്സിൽ ഒരു ഉദ്യോഗസ്ഥൻ പേര് നൽകുന്നത് വരെ ഔദ്യോഗികമായി ഒരു പേര് പോലും ഉണ്ടായിരുന്നില്ല. വിവാഹശേഷം ഒരു മകളും രണ്ട് ആൺമക്കളും അവർക്ക് ജനിച്ചു. കൃഷി പ്രധാന വരുമാനമാർഗ്ഗമായിരുന്ന ആ പ്രദേശത്ത്, ജോലിക്കായി ഭർത്താവിന് ദീർഘകാലം വീടുവിട്ടു നിൽക്കേണ്ടി വന്നു. ഇതോടെ മക്കളെ വളർത്തുന്നതും വീട്ടുജോലികൾ ചെയ്യുന്നതും ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളും വാങ്ങിന്റെ ചുമലിലായി.
ശാരീരിക പരിമിതികൾക്കിടയിലും തളരാതെ വീട്ടുജോലികളെല്ലാം അവർ ഒറ്റയ്ക്ക് ചെയ്തു. തുണി അലക്കാനും ഭക്ഷണം പാകം ചെയ്യാനും വസ്ത്രങ്ങൾ തുന്നാനുമെല്ലാം അവർക്ക് സാധിക്കുമായിരുന്നു. വായ ഉപയോഗിച്ച് വസ്ത്രം തുന്നുകയും കൈമുട്ടുകൾക്കിടയിൽ ചീപ്പു മുറിച്ചുവെച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതി അവർ സ്വയം പരിശീലിച്ചെടുത്തു. ഭക്ഷണം പാകം ചെയ്യാനായി ഒരു സ്റ്റൂളിൽ ഇരുന്നുകൊണ്ട് തന്റെ ശരീരം ഉപയോഗിച്ച് മാവ് കുഴയ്ക്കാനും പച്ചക്കറികൾ അരിയുന്നതും അവർ പതിവാക്കി. കുടുംബം പട്ടിണി കിടക്കാതെ നോക്കാൻ സാധിച്ചതിലാണ് തന്റെ സന്തോഷമെന്ന് അവർ ഓർക്കുന്നു.
പത്ത് വർഷം മുൻപ് ഭർത്താവ് മരിച്ച വാങ് നിലവിൽ തന്റെ ഇളയ മകനും കുടുംബത്തിനുമൊപ്പമാണ് കഴിയുന്നത്. മൂന്ന് മക്കളും ഇന്ന് സ്വന്തമായി കുടുംബവുമായി നല്ല നിലയിൽ കഴിയുന്നു. ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ചില ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും 81-ാം വയസ്സിലും വാങ്ങിന്റെ ആരോഗ്യം തൃപ്തികരമാണ്. സ്നേഹവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുകയാണ് ഈ അമ്മ.




