Featured Oddly News

നിങ്ങളുടെ കണ്ണുനിറയ്ക്കും ഈ കാഴ്ച; രണ്ടു കൈകളില്ല, കൂട്ടുകാരുടെ കളി ചിരിച്ചാസ്വദിച്ച് കുഞ്ഞുമാലാഖ

രണ്ടു കൈകളുമില്ലാത്ത ഒരു കുഞ്ഞുപെൺകുട്ടി തന്റെ കൂട്ടുകാരുടെ കളി നോക്കി ഉമ്മറത്തിരുന്ന് ചിരിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സമപ്രായക്കാരായ രണ്ട് ആൺകുട്ടികൾ ഓടിപ്പിടിച്ചു കളിക്കുന്നത് അതീവ സന്തോഷത്തോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കുരുന്ന് ആസ്വദിക്കുന്നത്. തൻ്റെ ശാരീരിക പരിമിതികളിൽ തെല്ലും സങ്കടമോ നിരാശയോ ഇല്ലാതെ, നിർമലമായ ചിരിയോടെ കളി കാണുന്ന ആ പൈതൽ സൈബർ ലോകത്തിന്റെയാകെ കണ്ണ് നനയിക്കുകയാണിപ്പോൾ.

ദിവ ചൗധരിയെന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാൻ തനിക്ക് കഴിയില്ലെങ്കിലും അവരോടൊപ്പം മനസ്സ് കൊണ്ട് ചേരാൻ ആ കുഞ്ഞിന് സാധിക്കുന്നുണ്ടല്ലോ എന്നാണ് വീഡിയോ കണ്ടവർ കുറിക്കുന്നത്. ഒരേസമയം സ്നേഹം തോന്നിക്കുന്നതും എന്നാൽ മനസ്സിനെ നോവിക്കുന്നതുമായ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കുട്ടിയുടെ പോസിറ്റീവ് മനോഭാവത്തെ ഏവരും വാനോളം പുകഴ്ത്തുന്നു.

ഏത് പ്രതിസന്ധിയിലും തളരാതെ ജീവിതത്തെ സന്തോഷത്തോടെ കാണാനുള്ള ആ കുഞ്ഞിന്റെ വലിയ മനസ്സിനെ സോഷ്യൽ മീഡിയ നെഞ്ചേറ്റുകയാണ്. തനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ വിഷമിക്കാതെ, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാനുള്ള ആ കുരുന്നിന്റെ കഴിവിനെ ലോകം കൈയടികളോടെ സ്വീകരിക്കുന്നു. ആ പെൺകുട്ടിയുടെ ജീവിതത്തിൽ എന്നും സ്നേഹവും സുരക്ഷിതത്വവും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.