Crime

യൂസ്ഡ് കാര്‍, ലൈംഗികത്തൊഴിലാളിയുടെ ആധാര്‍; ഡല്‍ഹിയില്‍ സ്വിസ് യുവതിയുടെ ദുരൂഹമരണം ചുരുളഴിഞ്ഞത് ഇങ്ങനെ

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ സ്വിസ് സ്വദേശിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ദുരൂഹത പോലീസ് നീക്കി. ഒറ്റദിവസം കൊണ്ടു തന്നെ കൊലപാതകത്തിന് പിന്നിലെ പ്രതിയെ പോലീസ് പിടികൂടി. നീനാബര്‍ഗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ജനക്പുരി സ്വദേശി ഗുര്‍പ്രീതാണ് പ്രതി.കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലുന്നതിന് മുമ്പ് പ്രതി സ്വിസ് യുവതിയുടെ കൈകളും കാലുകളും കെട്ടിയിട്ടു ഹീനമായ പ്രവര്‍ത്തിക്ക് ഇരയാക്കിയിരുന്നു. പിന്നീട് വാഹനത്തില്‍ കയറ്റി യുവതിയുടെ മൃതദേഹം തിലക് നഗറിലെ റോഡരികില്‍ ഉപേക്ഷിച്ചു.

നാല് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഗുര്‍പ്രീത് ഇരയെ ആദ്യം കണ്ടതെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. അപ്രതീക്ഷിത കൂടിക്കാഴ്ചയെന്ന വ്യാജേന പ്രതികള്‍ ഇരയെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഇന്ത്യയില്‍ എത്തിയ അവരെ ചങ്ങലയിട്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.നാല് വര്‍ഷത്തെ പരിചയമുള്ള സ്വിസ് യുവതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് ഗുര്‍പ്രീതിന്റെ കുറ്റകൃത്യത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുവതി തന്റെ നിലവിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. യുവതിക്ക് മറ്റു ചില പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഗുര്‍പ്രീതിന് സംശയം ഉണ്ടായതും പ്രശ്‌നമായി. സ്വിസ് പൗരന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിച്ച കാര്‍ വാങ്ങാന്‍ ലൈംഗികവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സ്ത്രീയുടെ ആധാര്‍ ഐഡി ഉപയോഗിച്ചതായും ഗുര്‍പ്രീതിന്റെ വെളിപ്പെടുത്തലിലുണ്ട്. പ്രതിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഇയാള്‍ സ്ത്രീയുടെ ആധാര്‍ കാര്‍ഡ് എടുത്തത്. കാറിന്റേത് ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ദൃശ്യങ്ങളില്‍ കൃത്യമായി പതിയുകയും ചെയ്തിരുന്നു. ഇതുവെച്ച് ഗുര്‍പ്രീതിനെ അയാളുടെ വസതിയില്‍ വച്ച് പിടികൂടുകയായിരുന്നു.

കാര്‍ വാങ്ങാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പ്രതി നിര്‍ജ്ജീവമാക്കിയിരുന്നു. എന്നാല്‍ സാങ്കേതിക നിരീക്ഷണത്തിലൂടെ ഇയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. വസ്തു വില്‍പനയിലൂടെ ലഭിച്ചതെന്നു കരുതുന്ന ഒന്നരക്കോടി രൂപ പ്രതിയുടെ പക്കല്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.