Sports

ചെപ്പോക്കിൽ സഞ്ജു ഷോ; ഡൽഹിക്കെതിരെ അത്യുജ്വലമായ സെഞ്ചുറി

ചെന്നൈ: ഐ.പി.എല്ലിൽ ഫോം മങ്ങി ആരാധകരെ കടുത്ത നിരാശയിലാക്കിയ സഞ്ജു സാംസണ്‍ അത്യുജ്വലമായ സെഞ്ചുറിയോടെ തിരിച്ചുവന്നു.
ഇതോടെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച തുടക്കം ലഭിച്ചു. സ്വന്തം തട്ടകമായ ചെപ്പോക്കിൽ മലയാളി താരം സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗുമായി സെഞ്ചുറി നേടിയതോടെ ചെന്നൈ വലിയ സ്കോറിലേക്ക് നീങ്ങുകയാണ്. വെറും 52പന്തിൽ നിന്നാണ് സഞ്ജു ഈ സീസണിലെ തന്റെ ശ്രദ്ധേയമായ 102 പൂർത്തിയാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവർ പിന്നിട്ട ചെന്നൈ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 190റൺസ് എന്ന നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്സർ പട്ടേൽ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ സഞ്ജു സാംസണും ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദും ചേർന്ന് ഒന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 റൺസെടുത്ത ഗെയ്കവാദിനെ ഏഴാം ഓവറിൽ നഷ്ടമായെങ്കിലും സഞ്ജുവിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ചെന്നൈക്ക് തുണയായി. പരിക്കു മൂലം എം.എസ്. ധോണി ഇല്ലാതെയാണ് ചെന്നൈ ഇന്നും കളത്തിലിറങ്ങിയത്. ഡീവാൾഡ് ബ്രെവിസ്, ഗുർജപ്നീത് സിംഗ് എന്നിവർ ചെന്നൈ ടീമിലെത്തിയപ്പോൾ, ഡൽഹി നിരയിൽ അഷുതോഷ് ശർമയും അക്വിബ് നബിയും ഇടംപിടിച്ചു.