അതിവിദഗ്ദ്ധമായി മോഷണം നടത്തി മുങ്ങിയ ‘സ്പൈഡര്മാന് തീഫ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ നാലുമാസങ്ങള്‍ക്ക് ശേഷം പോലീസ് പൊക്കി. കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മോഷ്ടാവിന്റെ പൊട്ടിയ പല്ലിന്റെ സൂചന വെച്ചായിരുന്നു പോലീസ് പിടികൂടിയത്. മോഷണ സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ പല്ലിന്റെ ഭാഗമാണ് നിര്‍ണ്ണായക സൂചനയായി മാറിയത്.
ഒരു വര്‍ഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ക്രിമിനലിലേക്കാണ് ദന്തക്ഷയം പോലീസിനെ എത്തിച്ചത്. 19 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊടും ക്രിമിനലാണ് 29 കാരനായ രോഹിത് റാത്തോഡ്. ഡിഎന്‍ നഗര്‍, കാന്തിവാലി, ബോറിവാലി, വക്കോല, സാന്താക്രൂസ്, ദഹിസര്‍, കസ്തൂര്‍ബ മാര്‍ഗ് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകള്‍ ഇയാള്‍ക്കെതിരേ കേസുണ്ടെങ്കിലും പോലീസിന് പിടികൊടുക്കാതെ ഒരു വര്‍ഷമായി നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടി വരികയായിരുന്നു.
ബോറിവാലിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടന്ന മോഷണമാണ് രാത്തോഡിനെ അഴിക്കുള്ളിലാക്കിയത്. ജൂണ്‍ 22ന് ബോറിവാലിയിലെ രാജാറാം താവ്ഡെ റോഡിലുള്ള അര്‍പിത അപ്പാര്‍ട്ട്മെന്റില്‍ രോഹിത് റാത്തോഡ് മോഷണശ്രമം നടത്തിയിരുന്നു. രണ്ടാം നിലയിലെ ഫ്ലാറ്റിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാര്‍ കള്ളനെ കണ്ടതോടെ റാത്തോഡ് അടുക്കളയിലെ ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ഇയാളുടെ പൊട്ടിയ രണ്ട് പല്ലുകള്‍ കണ്ടെത്തി.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് വീഴുന്നത് കണ്ടു. രണ്ട് പല്ലുകള്‍ പൊട്ടുകയും കാലിന് ഒടിവുണ്ടാക്കുകയും ചെയ്തു. വെളിച്ചക്കുറവ് കാരണം മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളില്‍ കാണാനില്ലായിരുന്നു.
പരിക്കുകള്‍ക്കിടയിലും കള്ളന് മതില് ചാടിക്കടന്ന് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതായി വീഡിയോയിലുണ്ടായിരുന്നു. പരിക്കേറ്റ മോഷ്ടാവ് ചികിത്സ തേടാന്‍ സാധ്യതയുണ്ടെന്ന പോലീസ് നിഗമനം തെറ്റിയില്ല. സമീപത്തെ 400-ലധികം ആശുപത്രികളിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ പിടികിട്ടാതെ തുടര്‍ന്നു. വിവിധ ആശുപത്രികള്‍ പതിവായി സന്ദര്‍ശിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച, വക്കോലയിലെ ആശുപത്രിയില്‍ സംശയിക്കപ്പെടുന്ന ഒരാള്‍ ചികിത്സയില്‍ ഉള്ളതായി പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പോലീസ് അവന്റെ ഡിസ്ചാര്ജ്ക്കായി കാത്തിരുന്നു, വീട്ടിലെത്തിയ ഉടന്‍ തന്നെ അവനെ അറസ്റ്റും ചെയ്തു.