ഇന്ത്യക്കാരിൽ അമിതമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ തോതനുസരിച്ച് ഇതിനെ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായ ‘ഗ്രേഡ്-1 ഫാറ്റി ലിവർ’ പരിഹരിക്കാൻ ദിവസവും രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് വളരെയധികം സഹായിക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ വ്യക്തമാക്കുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും നാരുകളും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരമിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നവയാണ്.
ലിവറിൽ ചെറിയ തോതിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഗ്രേഡ്-1 ഫാറ്റി ലിവർ. സാധാരണയായി ഇതിന് പ്രത്യേക ലക്ഷണങ്ങൾ ഉണ്ടാകാറില്ല. അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, ഇൻസുലിൻ പ്രതിരോധം, പോഷകാഹാരക്കുറവ് എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ ഈ ഘട്ടത്തിൽ ശരിയായ ശ്രദ്ധ നൽകിയാൽ ഫാറ്റി ലിവർ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. രാത്രി ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നത് ഈ രോഗാവസ്ഥയെ പ്രതിരോധിക്കാനുള്ള നല്ലൊരു വഴിയാണ്.
ഉലുവ വെള്ളം മാത്രം കുടിച്ചത് കൊണ്ട് മാത്രം ഫാറ്റി ലിവർ മാറില്ലെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ. പാണ്ഡുരംഗൻ ബസുമണി ഓർമ്മിപ്പിക്കുന്നു. ഇതൊരു ഔഷധം എന്നതിലുപരി ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി വേണം കാണാൻ. ശരീരഭാരം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. ദിവസവും കുറഞ്ഞത് 40 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക, അന്നജം (അരി, ഗോതമ്പ്, കിഴങ്ങ് വർഗ്ഗങ്ങൾ) കുറഞ്ഞ ഭക്ഷണം കഴിക്കുക എന്നിവയോടൊപ്പം ഉലുവ വെള്ളവും കട്ടൻ കാപ്പിയും ശീലമാക്കുന്നത് ഗ്രേഡ്-1 ഫാറ്റി ലിവർ മാറ്റിയെടുക്കാൻ സഹായിക്കും.
ഉലുവ വെള്ളം തയ്യാറാക്കുമ്പോൾ ഒന്നോ രണ്ടോ ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് വെച്ച് രാവിലെ അരിച്ചെടുത്ത് കുടിക്കുന്നതാണ് നല്ലത്. അമിതമായി ഉപയോഗിക്കുന്നത് ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവരും ഗർഭിണികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ശീലമാക്കാവൂ. പ്രകൃതിദത്ത മാർഗ്ഗങ്ങൾക്കൊപ്പം ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നത് വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ നമുക്ക് സാധിക്കും.
Disclaimer: This content, including advice, provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. Hashtag Online does not claim responsibility for this information.




