കാസർകോട്: ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി. സാറയുടെ ഉറ്റ സുഹൃത്തുക്കളായ വനിഷികയും ശോഭിതും തമ്മിലുള്ള വിവാഹം കാസർകോട് ബേക്കലിലെ താജ് ഹോട്ടലിൽ വെച്ചാണ് നടന്നത്.
തന്റെ പ്രിയപ്പെട്ടവരുടെ വിവാഹ ആഘോഷങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ സാറ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തു. കേരള സാരി ധരിച്ച് അതിസുന്ദരിയായാണ് സാറ ചടങ്ങുകളിൽ തിളങ്ങിയത്. കേരളീയ സദ്യയും കഥകളിയും ആസ്വദിക്കുന്ന ദൃശ്യങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുന്നുണ്ട്.
വരൻ ശോഭിത് മലയാളിയും വധു വനിഷിക മുംബൈ സ്വദേശിനിയുമാണ്. തന്റെ ഉറ്റ സുഹൃത്തുക്കൾ വിവാഹിതരായതിലുള്ള സന്തോഷം സാറ കുറിപ്പിലൂടെ പങ്കുവെച്ചു. “എന്റെ ബെസ്റ്റീസ് വിവാഹിതരായിരിക്കുന്നു, നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു” എന്നാണ് സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ 9.5 മില്യൺ ഫോളോവേഴ്സുള്ള സാറ ഓസ്‌ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്.
സമൂഹമാധ്യമങ്ങളിലെ വലിയ സ്വാധീനമുള്ള സാറ, ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങാറുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ഇവർ. പരസ്യങ്ങൾ, മോഡലിങ്, വിവിധ നിക്ഷേപങ്ങൾ എന്നിവ വഴി ഒന്നരക്കോടിയിലധികം രൂപയുടെ ആസ്തി സാറയ്ക്കുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ താരം സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറായി പ്രവർത്തിക്കുകയാണ്.




