ലോകപ്രശസ്ത കൊറിയൻ ബാൻഡ് ആയ ബി.ടി.എസ് (BTS) അംഗങ്ങളെ അറിയാത്ത സംഗീതപ്രേമികൾ ചുരുക്കമാണ്. ബി.ടി.എസ് അംഗങ്ങളിൽ പലരെയും കുറിച്ച് നേരത്തെയും പ്രണയവാർത്തകൾ വന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നൊക്കെ എപ്പോഴും മാറിനിന്നിരുന്ന ആളായിരുന്നു ജിൻ . എന്നാൽ ഇപ്പോൾ ജിന്നും പ്രശസ്ത കൊറിയൻ നടിയും ഗായികയുമായ ഷിൻ സെ-ക്യുങ്ങും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്.
കൊറിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘നേറ്റ് പാൻ’ വഴിയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നത്. ജിന്നിന്റെ സംഗീത പരിപാടികളിൽ ഷിൻ എത്താറുള്ളതും, ഇരുവരും ഒരേപോലെയുള്ള ജാക്കറ്റുകൾ ധരിച്ചതും ആരാധകർ തെളിവായി ചൂണ്ടിക്കാട്ടുന്നു. നേരത്തെ ‘ഡോണ്ട് സേ യു ലവ് മി’ എന്ന മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന കാര്യത്തിൽ ജിന്നോ ഷിന്നോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരാധകർക്കിടയിൽ ഈ വാർത്ത വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

അതേസമയം, ഏപ്രിൽ 9 മുതൽ ബി.ടി.എസിന്റെ ലോക പര്യടനം ആരംഭിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഗോയാങ്ങിൽ നിന്നാണ് ഈ പര്യടനം തുടങ്ങുന്നത്. ഏറെ കാലത്തിന് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ വേദിയിൽ ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ‘അരിരാംഗ്’ (ARIRANG) എന്ന അവരുടെ പുതിയ ആൽബവും ഇപ്പോൾ തരംഗമായി മാറിക്കഴിഞ്ഞു.
2027 വരെ നീണ്ടുനിൽക്കുന്ന ഈ പര്യടനത്തിൽ ജപ്പാൻ, അമേരിക്ക, മെക്സിക്കോ, സ്പെയിൻ, യുകെ, ജർമ്മനി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിൽ ബി.ടി.എസ് പരിപാടികൾ അവതരിപ്പിക്കും. ഇന്ത്യയിൽ ബി.ടി.എസിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും ഇത്തവണത്തെ പര്യടനത്തിൽ അവർ ഇന്ത്യ സന്ദർശിക്കുന്നില്ല. എന്നിരുന്നാലും, ഇന്ത്യൻ ആരാധകർക്ക് ഓൺലൈൻ വഴി ഈ കൺസർട്ടുകൾ കാണാൻ സാധിക്കും. സംഗീത ലോകത്തെ ഈ വലിയ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബി.ടി.എസ് ആരാധകർ.




