Health

എന്തിനാണ് ഹോട്ടലുകളിൽ ഭക്ഷണം കഴിഞ്ഞാൽ പെരുംജീരകം നൽകുന്നത്? കാരണമിതാ!

ഇന്ത്യൻ വീടുകളിൽ പണ്ടുകാലം മുതലേ ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്ന ശീലം നിലവിലുണ്ട്. വെറുമൊരു വായ്നാറ്റം മാറ്റാനുള്ള ഉപാധി എന്നതിലുപരി, ദഹനപ്രക്രിയയെ സഹായിക്കുന്ന നിരവധി ഔഷധഗുണങ്ങൾ ഈ വിത്തുകൾക്കുണ്ടെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ശീലമാക്കുന്നത് ദഹനം സുഗമമാക്കാനും വയർ വീർക്കുന്ന അവസ്ഥ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പെരുംജീരകം കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ അദ്ദേഹം വിശദീകരിക്കുന്നു. ഒന്നാമതായി, ഇതില അടങ്ങിയിരിക്കുന്ന അനെത്തോൾ (anethole) പോലുള്ള ഘടകങ്ങൾ കനത്ത ഭക്ഷണത്തിന് ശേഷം വയറ്റിലുണ്ടാകുന്ന ഗ്യാസും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടാമതായി, ഇതിലെ സുഗന്ധതൈലങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ഉമിനീർ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്നറായി പ്രവർത്തിക്കുന്നു.

കൂടാതെ, പെരുംജീരകത്തിന് പേശികളെ റിലാക്സ് ചെയ്യിക്കാനുള്ള (antispasmodic) കഴിവുണ്ട്. ഇത് വയറുവേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു. ദഹനരസങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കുന്നതിലൂടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കാനും ഇത് കാരണമാകുന്നു. ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷവും ഒരു ടീസ്പൂൺ പെരുംജീരകം ചവച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ഡോക്ടർ ശുപാർശ ചെയ്യുന്നു.