Lifestyle

മിന്നിത്തിളങ്ങുന്ന ചർമ്മത്തിന് 3,000 വർഷം പഴക്കമുള്ള ആയുർവേദ വിദ്യ; നാൽപാമരാദി തൈലത്തിന്റെ രഹസ്യം?

ചർമ്മസംരക്ഷണത്തിനായി ഇന്ന് പലരും കൃത്രിമ മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് പ്രകൃതിദത്തമായ വഴികൾ തേടുകയാണ്. ഈ മാറ്റത്തിനിടയിൽ, കേരളത്തിന്റെ സ്വന്തം ആയുർവേദ കൂട്ടായ ‘നാല്പാമരാദി തൈലം’ ഇപ്പോൾ ലോകമെമ്പാടും തരംഗമാവുകയാണ്. ചർമ്മത്തിന് തിളക്കം നൽകാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനുമുള്ള ഇതിന്റെ കഴിവാണ് ഇൻഫ്ലുവൻസർമാരെയും ചർമ്മസംരക്ഷണ പ്രേമികളെയും ഇതിലേക്ക് ആകർഷിക്കുന്നത്.

3,000 വർഷത്തോളം പഴക്കമുള്ള ഈ ആയുർവേദ കൂട്ട് കേരളത്തിന്റെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് പവിത്രമായ മരങ്ങളുടെ തൊലികൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിനെയാണ് ‘നാല്പാമരം’ എന്ന് വിളിക്കുന്നത്. വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ ഈ മരത്തൊലികളും ഒപ്പം മഞ്ഞൾ, രാമച്ചം, നെല്ലിക്ക തുടങ്ങിയ ഔഷധങ്ങളും ചേർത്താണ് ഈ തൈലം നിർമ്മിക്കുന്നത്.

പണ്ട് കാലത്ത് പൊള്ളലേറ്റ മുറിവുകൾ ഉണക്കാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും ഇത് ഉപയോഗിച്ചിരുന്നു. പണ്ട് പ്രസവ രക്ഷയുടെ ഭാഗമായും കുട്ടികൾക്ക് തേച്ചുകുളിപ്പിക്കാനും മുതിർന്നവർ ഇത് ഉപയോഗിച്ചിരുന്നു. ലോകമഹായുദ്ധ കാലത്ത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്ത്രീകൾ ഈ പാരമ്പര്യ കൂട്ട് വീണ്ടും സജീവമാക്കിയതോടെയാണ് ഇത് വീടുകളിലെ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയത്.

ഇന്ന് സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ ചർമ്മത്തിലുണ്ടായ മാറ്റങ്ങൾ പങ്കുവെച്ചതോടെയാണ് നാല്പാമരാദി തൈലം വീണ്ടും വൈറലായത്. പൂർണ്ണമായും പ്രകൃതിദത്തമാണെന്നതും പാർശ്വഫലങ്ങൾ ഇല്ലെന്നതും പുതിയ തലമുറയെ ഈ പുരാതന ആയുർവേദ രഹസ്യത്തിലേക്ക് അടുപ്പിക്കുന്നു.