മാന്നാര്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരുടെ മുമ്പില്‍ വീട്ടമ്മ കിണറ്റില്‍ ചാടി. വീടിന് അടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായി നിയമിതനായ ആളോടു തോന്നിയ പ്രണയമാണു സംഭവങ്ങള്‍ക്കു തുടക്കം.
ഭര്‍തൃമതിയാണ് 52 വയസുകാരിയായ വീട്ടമ്മ. 30ഉം 25ഉം വയസുള്ള മക്കളുമുണ്ട്. അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞു വീട്ടമ്മ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കുത്തിയിരുന്നു.
അധ്യാപകന്റെ വീട്ടുകാര്‍ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നു രണ്ട് എസ്.ഐമാരും ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറും സ്ഥലത്തെത്തി വീട്ടമ്മയോടു കാര്യങ്ങള്‍ ആരാഞ്ഞു. പോലീസുകാര്‍ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടുനില്ക്കെ വീട്ടമ്മ ഓടി മുറ്റത്തെ കിണറ്റില്‍ ചാടുകയായിരുന്നു. കരയ്ക്കു കയറ്റിയ വീട്ടമ്മയെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.




