അയൽവാസിയായ യുവതിയുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷ്ടിച്ച സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഡോറിൽ 25-കാരൻ പിടിയില്‍. ചിമൻഗഞ്ച് മണ്ഡി സ്വദേശിയായ അമിത് മാളവ്യ എന്ന യുവാവാണ് അറസ്റ്റിലായത്. വീടിന് പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ തുടർച്ചയായി കാണാതാവുന്നതിനെത്തുടർന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് മോഷണം നടത്തുന്ന യുവാവിനെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
മുറ്റത്തെ അഴയിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് യുവതിയുടേത് മാത്രം പ്രത്യേകം തിരഞ്ഞെടുത്ത് പോക്കറ്റിലാക്കി കടന്നുകളയുന്ന അമിത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ, യുവതിയോടുള്ള കടുത്ത പ്രണയം മൂലമാണ് താൻ ഇത് ചെയ്തതെന്ന വിചിത്രമായ വാദമാണ് ഇയാൾ ഉയർത്തിയത്. തന്റെ ഇഷ്ടം നേരിട്ട് പറയാനുള്ള ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും യുവതിയുടെ പേര് തന്റെ നെഞ്ചിൽ പച്ചകുത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.
എന്നാൽ, ഇത്തരം പ്രവൃത്തികൾ പ്രണയമല്ലെന്നും മറിച്ച് മാനസികമായ വൈകല്യമാണെന്നും പൊലീസ് പ്രതികരിച്ചു. മറ്റൊരാളെ ശല്യം ചെയ്യുന്നതും മോഷണം നടത്തുന്നതും കൃത്യമായ ചികിത്സയും കൗൺസിലിങ്ങും ആവശ്യമായ രോഗമാണെന്ന് വ്യക്തമാക്കിയ പൊലീസ്, യുവാവിന് ആവശ്യമായ വൈദ്യസഹായം നൽകാൻ നിർദേശിച്ചിട്ടുണ്ട്. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.




