Crime

‘നീയില്ലാതെ ജീവിക്കാനാവില്ല’, ഭാര്യയ്ക്ക് അയല്‍വാസിയുടെ മെസേജ്; ചുറ്റികയ്ക്ക് തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്

ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആലപ്പുഴ കൊമ്മാടിമംഗലം റോഡിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജ് (28) നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

‘നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്നതടക്കമുള്ള സന്ദേശങ്ങൾ ഷിബിൻ രാജ് അയൽവാസിയായ ജിബിന്റെ ഭാര്യയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ജിബിൻ ഈ സന്ദേശങ്ങൾ ഭാര്യയുടെ ഫോണിൽ കണ്ടത്. ഇതേച്ചൊല്ലി വീട്ടിൽ വലിയ തർക്കങ്ങൾ നടക്കുകയും പിന്നാലെ ഷിബിനെ ലക്ഷ്യമിട്ട് ജിബിൻ തിരിച്ചടിക്ക് പ്ലാൻ ചെയ്യുകയുമായിരുന്നു എന്നാണ് വിവരം.

റോഡരികിൽ ബൈക്കിലിരിക്കുകയായിരുന്ന ഷിബിന്റെ അരികിലെത്തിയ ജിബിൻ, മൊബൈൽ ഫോൺ ആവശ്യപ്പെട്ടാണ് സംസാരം തുടങ്ങിയത്. എന്തിനാണെന്ന് തിരിച്ചു ചോദിക്കുന്നതിനിടെ കൈയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷിബിന്റെ തലയ്ക്ക് നേരെ ആഞ്ഞടിക്കുകയായിരുന്നു. പരിക്കേറ്റയാളുടെ ഭാര്യ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *