Sports

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും, പാകിസ്താന്‍- ന്യൂസിലന്‍ഡ് പോരാട്ടം

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ തുടങ്ങും.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നാളെയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജേതാക്കളെല്ലാം ഗ്രൂപ്പ് ഒന്നിലാണെന്ന കൗതുകമുണ്ട്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസ സ്‌റ്റേഡിയത്തിലെ അതിര്‍ത്തികള്‍ വലുതാണ്. സിംബാബ്‌വേയും ശ്രീലങ്കയും തമ്മില്‍ നടന്ന മത്സരത്തില്‍ റണ്‍ മഴ പെയ്താണ് അപവാദം. ടോസ് മത്സരത്തില്‍ നിര്‍ണായകമാണ്.

പാകിസ്താനെതിരേ നടന്ന 16 ട്വന്റി20 മത്സരങ്ങളില്‍ 12 ലും ജയിച്ച മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ട്. ലോകകപ്പില്‍ സ്ഥിതി മറിച്ചാണ്. ഇതുവരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പാകിസ്താനാണു ജയിച്ചത്. 2022 ഒക്‌ടോബറിനും 2025 ഏപ്രിലിനുമിടയില്‍ ഇരുവരും തമ്മില്‍ 41 മത്സരങ്ങള്‍ കളിച്ചു. അതില്‍ 24 എണ്ണം ട്വന്റി20 കളാണ്. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ സ്‌ട്രൈക്ക് റേറ്റ് (165.94) ഏറ്റവും മികച്ചതാണ്. സൂപ്പര്‍ എട്ടില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റ് (135.54) പാകിസ്താനാണ്. വേഗം കുറഞ്ഞ ലങ്കന്‍ പിച്ചുകളിലാണ് പാകിസ്താന്‍ കളിച്ചതെന്ന ന്യായീകരണമുണ്ട്.

ന്യൂസിലന്‍ഡ് ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കളിച്ച ശേഷമാണു കൊളംബോയിലെത്തുന്നത്. പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലായിരുന്നു. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ പാകിസ്താന്‍ തിരിച്ചു വിളിക്കുമെന്നാണു സൂചന. നമീബിയയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ടീമില്‍ മാറ്റം വരുത്താന്‍ താല്‍പര്യപ്പെട്ടില്ലെങ്കില്‍ അബ്രാര്‍ പുറത്തിരിക്കും. അബ്രാര്‍ അഹമ്മദിന് ന്യൂസിലന്‍ഡിനെതിരേ മികച്ച റെക്കോഡില്ലെന്നതും തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം പാകിസ്താന്റെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായിരുന്നു. ലോകകപ്പിനു മുമ്പ് ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ നടന്ന പരമ്പരകളിലും അബ്രാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡ് നിരയില്‍ നാട്ടില്‍നിന്നു മടങ്ങിയെത്തിയ പേസര്‍ ലൂകി ഫെര്‍സുഗണിനെ കളിപ്പിക്കുന്ന കാര്യം തീരുമാനമായില്ല. സ്പിന്‍ സൗഹൃദ വേദിയില്‍ ലെഗ് സ്പിന്നര്‍ ഇഷ് സോധിക്ക് അവസരം നല്‍കാനിടയുണ്ട്. സോധി ഇതുവരെ ഈ ലോകകപ്പില്‍ കളിച്ചില്ല. ജേക്കബ് ഡഫി പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള പേസറാണ്. ഡഫിയുടെ 62 വിക്കറ്റുകളില്‍ 18 എണ്ണം പാക് ബാറ്റര്‍മാരുടെയാണ്.

സാധ്യതാ ടീം: ന്യൂസിലന്‍ഡ് – ടിം സീഫര്‍ട്ട്, ഫിന്‍ അലന്‍, റാചിന്‍ രവീന്ദ്ര, ഗ്ളെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (നായകന്‍), ജിമ്മി നീഷാം, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.

സാധ്യതാ ടീം: പാകിസ്താന്‍- സാഹിബ്‌സാദ ഫര്‍ഹാന്‍, സായിം അയൂബ്, സല്‍മാന്‍ അലി ആഗ (നായകന്‍), ബാബര്‍ അസം, ഖ്വാജ നഫായ്, ഷാദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍, മുഹമ്മദ് നവാസ്/ഫാഹിം അഷ്‌റാഫ്, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *