Crime

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കാർ ഇടിപ്പിച്ച് കൊന്ന് യുവതി! വീണ്ടും ഹണിമൂണ്‍ കൊല

മേഘാലയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിയുടെ സമാനമായ രീതി പിന്തുടർന്ന് രാജസ്ഥാനിലും ക്രൂരമായ കൊലപാതകം. ഭർത്താവായ ആശിഷിനെ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജുവും മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. വൈകുന്നേരം മദ്യലഹരിയിലായിരുന്ന ആശിഷിനെ ഒന്നു നടക്കാൻ പോകാമെന്ന് പറഞ്ഞ് അഞ്ജു ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

ആദ്യം ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനാണ് അഞ്ജു ശ്രമിച്ചത്. അമിതവേഗത്തിലെത്തിയ കാർ തങ്ങളെ ഇടിച്ചുവെന്നും കാറിലുണ്ടായിരുന്നവർ തന്റെ സ്വർണാഭരണങ്ങൾ കവർന്നുവെന്നും ചോര വാർന്നാണ് ഭർത്താവ് മരിച്ചതെന്നുമായിരുന്നു അഞ്ജു പോലീസിന് നൽകിയ മൊഴി. എന്നാൽ മൃതദേഹത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരുക്കുകൾ പോലീസിൽ സംശയം ജനിപ്പിച്ചു. കൊലപാതകത്തിന് ഇടയിൽ നടന്ന പിടിവലിക്കിടയിൽ പോലും അഞ്ജുവിന് പരുക്കുകൾ ഏൽക്കാതിരുന്നത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികൾ പിടിയിലാകുന്നതും.

അയല്‍വാസിയായ സഞ്ജുവുമായി അഞ്ജു കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആശിഷിന്‍റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാല്‍ ആശിഷുമായുള്ള ജീവിതത്തില്‍ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടര്‍ന്നു. ആശിഷിനെ വകവരുത്താനും ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടു. ഒടുവില്‍ വൈകുന്നേരം ആശിഷിന് പതിവായി മദ്യം നല്‍കാനും മദ്യപാനത്തിന് ശേഷം ഇരുവരും ഒന്നിച്ച് നടക്കാന്‍ പോകാനും ആരംഭിച്ചു. ജനുവരി 30നും ഇതുപോലെ നടക്കാന്‍ പോയി. ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന സഞ്ജുവും സുഹൃത്തുക്കളും ആശിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ കാറിടിപ്പിക്കുകയും ചെയ്തു.

അഞ്ജുവിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവ ദിവസം അഞ്ജുവും സഞ്ജുവും ഒരേ ലൊക്കേഷനിലുണ്ടായിരുന്നതായി തെളിഞ്ഞു. അപകടവും കൊള്ളയുമാണെന്ന് തെളിയിക്കാന്‍ അഞ്ജു തന്‍റെ മൊബൈല്‍ ഫോണും കമ്മലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് ബോധരഹിതയായത് പോലെ റോഡില്‍ കിടന്നു. പിന്നാെല വഴിയെ എത്തിയ യാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.