ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഏതു റൗണ്ടിലായാലും ഹൈ വോള്‍ട്ടേജ് മാച്ചാണെന്ന് പറയേണ്ടിവരും. എന്നാല്‍ പാകിസ്താന് കീറാമുട്ടിയായിട്ടുള്ള ഏക ടീം ഇന്ത്യയാണെന്നതിന് ഇത്തവണയും മാറ്റമില്ല. ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട പാകിസ്താന് എല്ലാം ശരിയായിരുന്നു. എന്നാല്‍ 38 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ തകര്‍ന്നത് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 എന്ന ലക്ഷ്യം മറികടന്നു.
കളിയില്‍ ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്താന് 30 ഓവര്‍ വരെ എല്ലാം ഓകെ ആയിരുന്നു. എന്നാല്‍ അതിന് ശേഷം പാക് ബാറ്റ്‌സ്മാന്‍മാരെ ഭയം കയറിയപോലെ എല്ലാം പെട്ടെന്ന് അവസാനിച്ചു. 38 റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടുപേര്‍ വേഗത്തില്‍ പുറത്തായി. 42.5 ഓവറില്‍ ഇന്ത്യ അവരെ 191 റണ്‍സില്‍ ഒതുക്കി. പന്തെറിഞ്ഞ ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ ഒഴികെ എല്ലാവരും രണ്ടുവിക്കറ്റുകള്‍ വീതം നേടി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ പതിവിന് വിപരീതമായി ബൗളിംഗ് തെരഞ്ഞെടുത്തപ്പോള്‍ നെറ്റി ചുളിച്ച അനേകം പേരുണ്ടായിരുന്നു. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാമായിരുന്നല്ലോ എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. എന്നാല്‍ രോഹിതിന്റെ തീരുമാനം കൃത്യമായിരുന്നു. ബാറ്റിംഗിലും രോഹിത് കഴിഞ്ഞ മത്സരത്തിലേതിന് സമാനമായ പ്രകടനം നടത്തി. 63 പന്തില്‍ 86 റണ്‍സ് എടുത്ത നായകന്റെ ബാറ്റില്‍ നിന്നും ആറ് സിക്‌സറുകളാണ് പറന്നത്. സിക്‌സറിന്റെ കാര്യത്തില്‍ ക്രിസ് ഗെയിലിനെ മറികടന്ന ഹിറ്റ്മാന്‍ ഈ മത്സരത്തിലും ആവര്‍ത്തിച്ചു. ആറുബൗണ്ടറികളും താരം പറത്തിയപ്പോള്‍ ഇന്ത്യ വിജയത്തിലേക്ക് പോയി.
അതേസമയം പാകിസ്ഥാന്റെ ബാറ്റിംഗ് തകര്‍ച്ച കണ്ട് പാക് ആരാധകര്‍ നാട്ടില്‍ ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കാന്‍ തുടങ്ങി. ലോകകപ്പിലെ തങ്ങളുടെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തില്‍ നിരാശരായ പാകിസ്ഥാന്‍ ആരാധകര്‍ അവരുടെ ടിവി സെറ്റുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. കറാച്ചിയിലും ലാഹോറിലും നിരവധി പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍ എല്‍സിഡി, എല്‍ഇഡി സ്‌ക്രീനുകള്‍ റോഡരികില്‍ എറിഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.