Featured Oddly News

‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷെ അത് കൊലപാതകമല്ല’; വിചിത്ര വാദവുമായി കോടതിയില്‍ പ്രതി

കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്.

ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ വീട്ടിൽ ഗാർഹിക പീഡനം നടക്കുന്നു എന്ന വിവരത്തെത്തുടർന്ന് പൊലീസ് അവിടേക്കെത്തുകയായിരുന്നു. തുടർന്ന് സുപ്രിയയെ അബോധാവസ്ഥയിൽ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവതി മരണപ്പെട്ടു. സംഭവസ്ഥലത്ത് വെച്ചുതന്നെ വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ താന്‍ ഭാര്യയെ കൊന്നു, എന്നാല്‍ അത് കൊലപാതകമല്ല എന്ന് വിക്രാന്ത് വാദിക്കുകയായിരുന്നു.

തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് വിക്രാന്ത് ഠാക്കര്‍ ഇപ്രകാരം പറഞ്ഞത്. ‘ഭാര്യയെ കൊന്നു. എന്നാല്‍ അത് കൊലപാതകമല്ല. എനിക്കുമേല്‍ നരഹത്യാക്കുറ്റം ചുമത്തിക്കോളൂ, പക്ഷെ കൊലപാതകത്തില്‍ ഞാന്‍ കുറ്റക്കാരനല്ല’ എന്നാണ് വിക്രാന്ത് കോടതിയില്‍ പറഞ്ഞത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം കൊലപാതകം ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും അത് മനഃപൂര്‍വ്വമല്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമല്ല. ഒരാള്‍ മനഃപൂര്‍വ്വമല്ലാതെ മറ്റൊരാളുടെ മരണത്തിന് കാരണമാവുകയാണെങ്കില്‍ അത് മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമായാണ് കണക്കാക്കുക.

ഡിസംബര്‍ 22-ന് തന്നെ ആദ്യ വാദം കേള്‍ക്കല്‍ നടന്നു. അന്ന് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. കേസില്‍ അടുത്ത വാദം ഏപ്രിലില്‍ നടക്കും.