ലഖ്നൗ: വിവാഹസത്കാര വേദിയിലേക്ക് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് മിശ്രവിവാഹിതരായ ദമ്പതികളുടെ വിവാഹ സത്കാരം മുടങ്ങി. ഉത്തര്‍പ്രദേശിലെ കോട്വാലിയിലാണു സംഭവം.
ഷാജഹാന്‍പൂര്‍ നഗരത്തിലെ സിയ ഖേല്‍ പ്രദേശത്തെ താമസക്കാരനായ ദന്തഡോക്ടര്‍ ഡോ. അദ്നാന് അന്‍സാരി കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് എം.ബി.എ ബിരുദധാരിയായ നീല(35)ത്തെ വിവാഹം കഴിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. സല്‍ക്കാര വേദിയിലേക്ക് ഇരച്ചുകയറിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ കുടുംബം മറ്റ് വഴിയില്ലാതെ ചടങ്ങ് റദ്ദാക്കി.
ഒരുകൂട്ടം ‘ഹിന്ദു പ്രവര്‍ത്തകര്‍’ ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തി ബഹളം സൃഷ്ടിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.അദ്നാന് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും കുടുംബം വിരുന്ന് നടത്തുന്നുണ്ടെന്നും വിവരം കിട്ടി വന്നതാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു നേതാവ് രാജേഷ് അവസ്തി പറഞ്ഞു.
പോലീസിനെയും വിവരമറിയിച്ചു. അവരും സ്ഥലത്തെത്തി. ഒടുവില്‍ സല്‍ക്കാര ചടങ്ങ് റദ്ദാക്കിയതായും അവസ്തി പറഞ്ഞു.
ദേശീയ സുരക്ഷാ നിയമപ്രകാരം അദ്നാനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദിക്ക് പരാതി സമര്‍പ്പിച്ചതായി അവസ്തി പറഞ്ഞു. പോലീസ് എത്തിയപ്പോള്‍ ചടങ്ങ് റദ്ദാക്കിയതായി കുടുംബാംഗങ്ങള്‍ അറിയിച്ചത്രേ.
അദ്നാന്റെ കുടുംബം സല്‍ക്കാര ചടങ്ങിന്റെ ക്ഷണക്കത്തുകളും അച്ചടിച്ചിരുന്നു, അതില്‍ വധുവിന്റെ പേര് നീലം അന്‍സാരി എന്ന് പരാമര്‍ശിച്ചിരുന്നെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.




