Sports

വരുന്നു മുട്ടന്‍ പണി ! ലോകകപ്പില്‍ ഇന്ത്യയോട് ഇടഞ്ഞാൽ പെടും; വരുമാനം പോലുമില്ലാതെ ബംഗ്ലാദേശ് വലയും

ധാക്ക: ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് കളിക്കാനില്ലെന്നു ശഠിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വമ്പന്‍ ബാധ്യത വരുന്നു. ബി.സി.സി.ഐയുമായി തെറ്റിയതിനു പിന്നാലെ ബംഗ്ലാദേശ് താരങ്ങള്‍ക്കു സ്‌പോണ്‍സര്‍മാരെ നഷ്ടപ്പെടാന്‍ സാധ്യത.

ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാന്‍ ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതോടെ അവരുടെ താരങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരുങ്ങുന്നതായാണു വിവരം. കായിക മേഖലയിലെ പ്രധാന കമ്പനികളിലൊന്നായ എസ്.ജി. ബംഗ്ലാദേശി ബാറ്റര്‍മാരുമായുള്ള കരാറുകള്‍ റദ്ദാക്കുമെന്നു വ്യക്തമാക്കി.

ബംഗ്ലാ നായകന്‍ ലിട്ടണ്‍ ദാസ്, യാസിര്‍ റാബി, മൊമിനുല്‍ ഹഖ് എന്നിവരുമായി എസ്.ജിക്കു കരാറുണ്ട്.ഇന്ത്യന്‍ കമ്പനി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതായി ബാറ്റര്‍മാരുടെ ഏജന്റുകളെയാണ് അറിയിച്ചത്. മറ്റു കമ്പനികളും സ്‌പോണ്‍സര്‍ഷിപ്പുകള്‍ പിന്‍വലിച്ചാല്‍ സാമ്പത്തികമായി വലിയ തിരിച്ചടിയാണു ബംഗ്ലാദേശ് ബോര്‍ഡിനു നേരിടേണ്ടിവരിക.

ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടരുകയാണ്. താരങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന വാദമുയര്‍ത്തിയാണ് വേദിമാറ്റ ആവശ്യം വീണ്ടും ഉന്നയിച്ചത്. കായിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.സി.ബിയുടെ നീക്കം.

ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ കൊളംബോയിലേക്കു മാറ്റണമെന്ന് ബംഗ്ലാദേശ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.സി.സി. ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചില്ല. ബി.സി.ബി. ആദ്യം നല്‍കിയ കത്തിലെ ആവശ്യങ്ങള്‍ ഐ.സി.സി. നിരസിച്ചതായി ആദ്യം പുറത്തു വന്നെങ്കിലും പിന്നീട് നിഷേധിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ടീമിന്റെ സുരക്ഷ സംബന്ധിച്ചുള്ള ബംഗ്ലാദേശിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഐസിസി സന്നദ്ധത അറിയിച്ചെന്നും ബി.സി.ബി. വ്യക്തമാക്കി. കായിക മന്ത്രാലയ ഉപദേഷ്ടാവ് ആസിഫ് നസറുളിന്റെ സമ്മര്‍ദമാണു കടുംപിടിത്തത്തിനു കാരണം. ഇന്ത്യക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നയാളാണ് ആസിഫ് നസ്രുള്‍. സര്‍ക്കാരിനെ മറികടക്കാന്‍ സാധിക്കാത്തതിനാലാണ് ബി.സി.ബി. നിലപാട് തുടരുന്നത്. ബോര്‍ഡിലെ ഒരു വിഭാഗം കര്‍ശന നിലപാടിനെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം ചര്‍ച്ചയ്ക്കുള്ള വഴികള്‍ തുറന്നിടണമെന്ന അഭിപ്രായക്കാരാണ്.

ഇന്ത്യയില്‍ തന്നെ കളിച്ചാലും ബംഗ്ലാദേശ് ടീമിന് കൂടുതല്‍ സുരക്ഷ ആവശ്യപ്പെടണമെന്നാണ് അവരുടെ നിലപാട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു മുസ്താഫിസുര്‍. അതില്‍ പ്രകോപിതരായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നു രേഖാമൂലം ആവശ്യപ്പെട്ടത്.