Crime

അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു: അറുപതുകാരന്‌ 62.5 വര്‍ഷം തടവ്‌

ഹരിപ്പാട്‌ : അഞ്ച്‌ വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60കാരന്‌ അറുപത്തിരണ്ടര വര്‍ഷത്തെ തടവ്‌. 2021 മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അഞ്ച്‌ വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂര്‍ സ്വദേശി ശശി.കെ(60)യെയാണ്‌ ഹരിപ്പാട്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ജി. ഹരീഷ്‌ വിവിധ വകുപ്പുകളിലായി അറുപത്തിരണ്ടര വര്‍ഷം തടവിനും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചത്‌.

കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ ഇന്‍സ്‌പെക്‌ടര്‍ എം.സുധിലാല്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ്സില്‍ ഏ.എസ്‌.ഐമാരായ പ്രദീപ്‌, ലതി.കെ എസ്‌.സി.പി.ഒ പ്രസാദ്‌. എസ്‌ എന്നിവര്‍ അന്വേഷണത്തിന്റെ ഭാഗമായി. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.എസ്‌. രഘു ഹാജരായി. എ.എസ്‌.ഐമാരായ വാണി പീതംബരന്‍, സതീഷ്‌ കെ. സി. എന്നിവര്‍ പ്രോസീക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.