Health

ത്വക്‌രോഗ വിദഗ്ധന്‍ ഡോ. എം.ഐ. ജോയി അന്തരിച്ചു, ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളി

കോട്ടയം: ത്വക്‌രോഗ വിദഗ്ധനും ഡെര്‍മറ്റോളജിയില്‍ എം.ഡി. നേടിയ ആദ്യ മലയാളിയുമായ ഡോ. എം.ഐ. ജോയി (94) അന്തരിച്ചു. കോട്ടയം, കഞ്ഞിക്കുഴി മൗണ്ട് വര്‍ധയിലെ വീട്ടില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍. ഭാര്യ: സാറാമ്മ മാത്യു. മക്കള്‍: രേഖ ആരിഫ്, രവി കുര്യന്‍, ഡോ.അഞ്ജന കുര്യന്‍.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡെര്‍മറ്റോളജി വിഭാഗം സ്ഥാപിച്ചതും ഈ വിഭാഗത്തില്‍ എം.ഡി. ആരംഭിച്ചതും ഡോ. ജോയി ചുമതല വഹിച്ച കാലത്താണ്. കോട്ടയം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട്പദത്തിനു പുറമേ കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളജുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൊച്ചി, ചെറായി അയ്യമ്പള്ളി മഴുവഞ്ചേരിപറമ്പത്ത് വലിയവീട്ടില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ഇട്ടിയച്ചന്റെയും എളച്ചിയുടെയും മകനായി 1931 മേയ് 23നാണു ജോയി ജനിച്ചത്. തിരുവിതാംകൂര്‍ മെഡിക്കല്‍ കോളജിലെ രണ്ടാം ബാച്ചുകാരനായിരുന്നു. ഉദ്യോഗമണ്ഡല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് അദ്ദേഹം അധ്യാപനത്തിലേക്കു മാറി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായാണ് ആദ്യ നിയമനം. കോഴിക്കോട്ട് ഡെര്‍മറ്റോളജി വിഭാഗം തുടങ്ങിയപ്പോള്‍ അതിലെ ഏക അധ്യാപകനായി.

ഉപരിപഠനത്തിനായി വെനീറിയല്‍ ഡിസീസ് ആന്‍ഡ് ഡെര്‍മറ്റോളജിയില്‍ ഡിപ്ലോമയ്ക്ക് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്നു റോക്‌ഫെല്ലര്‍ സ്‌കോളര്‍ഷിപ്പോടെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എം. ഡിക്ക് ചേര്‍ന്നു. ഈ വിഷയത്തില്‍ എം.ഡി. നേടുന്ന ആദ്യ മലയാളിയായി.

മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചശേഷം ഒമാനിലും ജോലി നോക്കി. ഒമാന്‍ രാജാവായിരുന്ന ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടില്‍ കണ്‍സള്‍റ്റന്റായി 18 വര്‍ഷം സേവനം അനുഷ്ഠിച്ചു. വീട്ടില്‍ സൗജന്യമായി ചികിത്സ നടത്തിയിരുന്നു. മന്ദിരം, പാറേട്ട് ആശുപത്രികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും ഡോ. ജോയി സജീവമായിരുന്നു. ഐ.എം.എ. കോട്ടയം ബ്രാഞ്ചിന്റെ സെക്രട്ടറി, ഡെര്‍മറ്റോളജി അസോസിയേഷന്‍ ഓഫ് കേരളാ ബ്രാഞ്ച് പ്രസിഡന്റ്, കോട്ടയം റോട്ടറി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.