Featured Good News

ജ്വല്ലറിയില്‍ കുഴഞ്ഞുവീണ് 60കാരന്‍, CPR നൽകി ജീവൻ രക്ഷിച്ച് യുവാവ്; CCTV ദൃശ്യങ്ങൾ വൈറൽ

ആരോഗ്യപ്രശ്‌നങ്ങള്‍ ഏത് സമയത്തും സംഭവിയ്ക്കാവുന്ന ഒരു കാര്യമാണ്. പെട്ടെന്ന് ഒരു ജീവന്‍ രക്ഷിയ്‌ക്കേണ്ടി വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്ന് ഓരോ വ്യക്തികളും അറിഞ്ഞിരിയ്‌ക്കേണ്ട വസ്തുതയാണ്. കാരണം എപ്പോഴാണ് ഒരാള്‍ക്ക് ആവശ്യം വരികയെന്നത് നമുക്ക് പറയാന്‍ സാധിയ്ക്കുന്ന കാര്യമല്ല. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും ജീവന്‍ നഷ്ടമാകാന്‍ കാരണമാകാറുണ്ട്. പ്രഥമ ശുശ്രൂഷയെ പറ്റി അറിഞ്ഞിരിയ്‌ക്കേണ്ടതിനെ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരുന്നത്.

ജ്വല്ലറിയില്‍ കുഴഞ്ഞു വീണ 60കാരനു സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന ഒരു യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ജയ്പൂരിലെ രത്‌നവ്യാപാരിയായ രാജ്കുമാര്‍ സോനി ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായാണ് രാജസ്ഥാനിലെ രാംപുര ബസാറില്‍ എത്തിയത്. ഡിസംബര്‍ 11ന് ഉച്ച 2 മണിയോട് അടുത്ത് ഒരു ജ്വല്ലറിയില്‍ ഇരുന്ന് സംസാരിക്കവെയാണ് രാജ്കുമാറിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ കടയുടമയുടെ മകനായ വരുണ്‍ ജെയ്ന്‍ എന്ന 37കാരന്‍ അദ്ദേഹത്തിനു സിപിആര്‍ നല്‍കുകയായിരുന്നു.

മുന്‍പ് സിപിആര്‍ നല്‍കി പരിചയമില്ലാത്ത വരുണ്‍ തനിക്ക് കഴിയുന്ന തരത്തില്‍ രാജ്കുമാറിന്റെ നെഞ്ചില്‍ രണ്ടര മിനിറ്റോളം തുടര്‍ച്ചയായി അമര്‍ത്തിയാണ് ജീവന്‍ രക്ഷിച്ചത്. കണ്ണ് തുറന്നു എഴുന്നേറ്റിരുന്ന രാജ്കുമാറിനെ വൈകാതെ ആശുപത്രിയിലെത്തിച്ചു. തനിക്ക് പെട്ടെന്ന് നെഞ്ചില്‍ വേദന അനുഭവപ്പെട്ടതായും, പിന്നെ കണ്ണില്‍ ഇരുട്ട് കയറിയതുമാത്രമേ ഓര്‍മയുള്ളു എന്നും രാജ്കുമാര്‍ പിന്നീട് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇത്തരം പ്രാഥമികശുശ്രൂഷകള്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് കമന്റുകള്‍ ഏറെയും.