Featured Sports

25.20 കോടി കാമറൂണ്‍ ഗ്രീനിന് കിട്ടില്ല; കയ്യിലെത്തുക 18 കോടി മാത്രം; ബിസിസിഐക്ക് 7.2 കോടി ‘നോക്കുകൂലി’

ദുബായ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) പുതിയ സീസണിലേക്കുള്ള മിനി താരലേലത്തില്‍ കോടിക്കിലുക്കവുമായി അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പ്രതീക്ഷിച്ചതുപോലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മിന്നും താരമായി. 25.20 കോടി രൂപയെന്ന വിദേശതാരത്തിന്റെ റെക്കോഡ്‌ തുകയ്‌ക്ക് കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിലെത്തി. എന്നാല്‍ കാമറൂണ്‍ ഗ്രീനിന് കയ്യില്‍ കിട്ടുക 18 കോടി മാത്രമാണെന്നതാണ് ഐപിഎല്‍ ചട്ടം.

ഐപിഎല്‍ മിനി ലേലത്തില്‍ ഒരു വിദേശ താരത്തെ എത്ര കോടി രൂപയ്ക്ക് ലേലത്തില്‍ വിളിച്ചാലും, താരത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന് പരിധിയുണ്ട്. ലേലത്തില്‍ 18 കോടിയിലധികം വിളിച്ചെടുത്താലും കരാര്‍ മൂല്യം 18 കോടിയില്‍ കൂടാന്‍ പാടില്ലെന്നാണ് ഐപിഎല്‍ ചട്ടം. ഏറ്റവും ഉയർന്ന റിട്ടൻഷൻ തുകയോ കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയോ ഏതാണ് കുറവ് എന്നത് അടിസ്ഥാനമാക്കിയാണ് ശമ്പള പരിധി നിശ്ചയിക്കുക. ഏറ്റവും ഉയര്‍ന്ന റിട്ടന്‍ഷന്‍ തുക 18 കോടി രൂപയാണ്.

അതിനാല്‍ 18 കോടിക്ക് മുകളില്‍ ഒരു വിദേശതാരത്തിന് ഐപിഎല്‍ ശമ്പളമായി ലഭിക്കില്ല. ലേലം വിളിച്ചതുകയില്‍ അധികം വരുന്ന തുക ബിസിസിഐയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് പോകും. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത കാമറൂണ്‍ ഗ്രീന് 18 കോടി രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. ബാക്കി വരുന്ന 7.20 കോടി രൂപ കൊല്‍ക്കത്ത ഫ്രാഞ്ചൈസി ബിസിസിഐയിലേക്ക് കൈമാറേണ്ടി വരും.