കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതെന്തു വിധിയാണെന്നു ചോദിച്ച ഭാഗ്യലക്ഷ്മി ഒരു പെണ്ണിന്റെ മാനത്തിന് അഞ്ചുലക്ഷം രൂപയാണു വിലയെന്നും പരിഹസിച്ചു. മറ്റു പ്രതികളെ വെറുതെ വിട്ടതുപോലെ ഇവരെയും വിട്ടാല്‍ മതിയായിരുന്നില്ലേയെന്നും അവര്‍ ചോദിച്ചു.
പള്‍സര്‍ സുനിയടക്കം ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിനതടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. തനിക്ക് അവളെ വിളിക്കാന്‍ പേടിയാണ്. അവളുടെ മാനത്തിന് അഞ്ചുലക്ഷം രൂപയാണോ വില! ഇങ്ങനെയാണെങ്കില്‍ മറ്റു പ്രതികളെപ്പോലെ ഈ പ്രതികളെയും വെറുതെ വിട്ടാല്‍ മതിയായിരുന്നു-ഭാഗ്യലക്ഷ്മി പറഞ്ഞു.
കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ആറ് മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഇതിനിടെ നടന് ദിലീപുമായി ബന്ധപ്പെടുത്തി തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ ഡി.ജി.പിക്കു പരാതി നല്കി ഡബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ‘ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയും വിജയിക്കില്ല, വിജയിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല’ എന്ന തലക്കെട്ടിനൊപ്പം തന്റെ ചിത്രം ഉപയോഗിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരേയാണ് ഭാഗ്യലക്ഷ്മി നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം വ്യാജവാര്‍ത്തകള്‍ തനിക്കെതിരേ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും മോശം പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പരാതിയിലുണ്ട്. 51 വര്‍ഷമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഒരു സിനിമയെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുക എന്ന ഉദ്ദേശ്യമോ നീക്കമോ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.




