വിദ്യാര്‍ഥികളെ മോശമായി സ്പര്‍ശിച്ച പ്രധാനാധ്യാപകനെ ആക്രമിച്ച് രക്ഷിതാക്കളും നാട്ടുകാരും. ബിഹാറിലെ അരാരിയയിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനധ്യാപകനായ ഷംസുള്‍ ഹോഡയെ ആണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. സ്കൂളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്പെന്‍ഡ് ചെയ്തു.
എട്ട് മാസം തുടര്‍ന്ന പീഡനത്തെപ്പറ്റി ആറാം ക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് വിവരം പുറത്തായത്. പിന്നാലെ ആറ്, ഏഴ് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഈ വര്‍ഷമാണ് ഇയാള്‍ സ്കൂളിലേക്ക് പ്രധാനധ്യാപകനായി നിയമിക്കപ്പെടുന്നത്. ആദ്യം സൗമ്യമായി പെരുമാറിയിരുന്ന അധ്യാപകന്റെ തനിനിറം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെളിപ്പെട്ടുവെന്ന് വിദ്യാര്‍ഥിനികളുടെ മൊഴി വെളിപ്പെടുത്തുന്നു.
‘‘ഞങ്ങൾ തനിച്ചായിരിക്കുമ്പോൾ, ഓഫീസിലേക്ക് വിളിപ്പിക്കും, ചോക്ലേറ്റും ബിസ്കറ്റും പേനയും മറ്റ് വസ്തുക്കളും സമ്മാനിക്കും. തോളില്‍ പിടിക്കും. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ തൊടാൻ ശ്രമിക്കും, വസ്ത്രത്തിനുള്ളില്‍ കയ്യിട്ട് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കും. ശനിയാഴ്ചകളിൽ എല്ലാ പെൺകുട്ടികളും ജീൻസും ടോപ്പും ധരിക്കാൻ പോലും അദ്ദേഹം നിർദ്ദേശിച്ചു., അതാണ് കാണാന്‍ ഭംഗി എന്ന് പറയും,’ – ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു
“ഒരു അധ്യാപകൻ കുട്ടികളെ നയിക്കണം, പക്ഷേ ഈ പ്രിൻസിപ്പൽ പെൺകുട്ടികളെ രഹസ്യമായി തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി, അവർക്ക് ചോക്ലേറ്റോ ബിസ്കറ്റോ നൽകി, വിവാഹശേഷം പെൺകുട്ടികൾ എന്തുചെയ്യുമെന്നതുള്പ്പെടെയുള്ള അശ്ലീല ചോദ്യങ്ങൾ ചോദിച്ചു. ഇതുമൂലം പെൺകുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.” ഒരു പിതാവ് പറഞ്ഞു,
അധ്യാപകന്റെ വൈകൃതത്തെ പറ്റി വിദ്യാര്‍ഥിനികള്‍ക്കിടയില്‍ തന്നെ ചര്‍ച്ച ഉയരുകയും വിവരം മാതാപിതാക്കളും പിന്നീട് അധ്യാപകരും അറിയുകയമായിരുന്നു. തിങ്കളാഴ്ച സ്കൂളിലേക്ക് ഇരച്ചെത്തിയ രക്ഷിതാക്കള്‍ ഹോഡയെ ബന്ദിയാക്കി. വിവരമറിഞ്ഞ പൊലീസ് ഉടനെ സ്ഥലത്തെത്തി ഇയാളെ മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമാസക്തരായ മാതാപിതാക്കള്‍ ഇയാളെ മര്‍ദിക്കാന്‍ തുടങ്ങി. പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു ജനക്കൂട്ടം. രണ്ട് മണിക്കൂറോളം സ്കൂള്‍ പ്രക്ഷുബ്ധമായി. പാടുപെട്ടാണ് പൊലീസ് ഹോഡയെ രക്ഷിതാക്കളില്‍ നിന്നും മോചിപ്പിച്ചത്. പിന്നാലെ ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത അധ്യാപകനെ പിന്നീട് വിട്ടയച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ആരോപണങ്ങള്‍ അധ്യാപകന് നിഷേധിച്ചു. കുട്ടികളെ താന്‍ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും മികച്ച വിദ്യാര്‍ഥികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുന്നത്, മറ്റെല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് ഹോഡ പറഞ്ഞു.
ഇത് ഹോഡയ്ക്കെതിരെ ഉയര്‍ന്ന ആദ്യ പരാതി അല്ല. 2020-ല്‍ മറ്റൊരു സ്കൂളില്‍ സമാനമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം അധ്യാപക യൂണിയനില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അരാരിയയിലെ ബോച്ചിയിലെ അപ്ഗ്രേഡഡ് മിഡിൽ സ്കൂൾ പ്രധാനധ്യാകനായിരുന്നപ്പോൾ ഒരു വിദ്യാർത്ഥിനിയോട് അനുചിതമായ പെരുമാറിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.




