ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ഭീകര ഗ്രൂപ്പ് ആശയവിനിമയം നടത്തിയത് ടെലഗ്രാം വഴി. ഭീകരരായ നാല് ഡോക്ടര്‍മാര്‍ ടെലഗ്രാമില്‍ തങ്ങളുടെ ഇഷ്ട വിഭവങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അവര്‍ ഭക്ഷണത്തെക്കുറിച്ചല്ല, കൊലപാതകങ്ങളെക്കുറിച്ചാണു സംസാരിച്ചിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മുസമില്‍ ഷക്കീല്‍, ഉമര്‍ നബി, ഷഹീന് സയീദ്, അദില്‍ അഹമ്മദ് റാത്തര്‍ എന്നിവരുള്‍പ്പെട്ട ഭീകര ഗ്രൂപ്പ്, ‘ബിരിയാണി’, ‘ദാവത്’ പോലുള്ള കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ള ടെലഗ്രാം ആപ്പ് വഴി ആശയവിനിമയം നടത്തിയിരുന്നത്.
‘ബിരിയാണി’ എന്നാല്‍ സ്ഫോടക വസ്തുക്കള്‍ എന്നും, ‘ദാവത്’ എന്നാല്‍ ഒരു പ്രത്യേക സംഭവം എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്ഫോടക വസ്തുക്കള്‍ തയാറാക്കിയ ശേഷം, അവര്‍ ടെലഗ്രാമില്‍ ‘ബിരിയാണി തയാറായി, ദാവത്തിനായി തയാറാകൂ’ എന്ന സന്ദേശം പങ്കുവച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീകര ഗ്രൂപ്പിന്റെ മുഖ്യസൂത്രധാരന്‍ ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ ഇമാം ഇര്ഫാന് അഹമ്മദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളാണു ഡോക്ടര്‍മാരെ ഭീകരപ്രവര്‍ത്തനത്തിലേക്കു നയിച്ചതത്രേ.
2020ല്‍ തന്റെ കുഞ്ഞിന് ചികിത്സ തേടി ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ എത്തിയപ്പോഴാണു ചാന്ദ്നി ചൗക്കില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെ അഹമ്മദ് കണ്ടുമുട്ടിയത്. ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി നബിയെ അഹമ്മദ് സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.
അഹമ്മദില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട നബിയെ, സംശയം ഉളവാക്കാത്ത വിധം ‘വൈറ്റ് കോളര്‍’ ഭീകര ഗ്രൂപ്പ് രൂപീകരിക്കാന്‍ നിയോഗിച്ചു. നബി മറ്റ് ഡോക്ടര്‍മാരില്‍ ‘സാധ്യത കണ്ട്’ അവരെ അഹമ്മദിന് പരിചയപ്പെടുത്തി. അഹമ്മദ് ടെലഗ്രാം വഴി ഭീകരരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.
പാകിസ്താന് ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് ഭീകരരുമായി ഡോക്ടര്‍മാര്‍ ദക്ഷിണ കശ്മീര്‍ മേഖലയില്‍ കൂടിക്കാഴ്ച നടത്തി. ആ കൂടിക്കാഴ്ചയ്ക്ക് അഹമ്മദാണു ക്രമീകരണം നടത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് ഭീകരരില്‍നിന്നു രണ്ട് എ.കെ. സീരീസ് റൈഫിളുകള്‍ ലഭിച്ചു. ഇതില്‍ ഒന്ന് ഷഹീന് സയീദ് ഉപയോഗിച്ച കാറില്‍നിന്ന് കണ്ടെടുത്തു.
ആറ് മാസം മുന്‍പാണു മറ്റ് ഡോക്ടര്‍മാരുമായി അടുത്തതെന്നും ഗ്രൂപ്പിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഡോ. ഷഹീന് സയീദ് ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിട്ടുണ്ട്. ഈ ഡോക്ടര്‍മാരുടെ പേരുകള്‍ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്ററില്‍നിന്നും നാഷണല്‍ മെഡിക്കല്‍ രജിസ്റ്ററില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇനി ഡോക്ടര്‍മാരായി ജോലി ചെയ്യാനോ ചികിത്സ നടത്താനോ കഴിയില്ല.




