ഭർത്താവിന് സൗന്ദര്യം വേണ്ട, പകരം കാശുണ്ടായാല്‍ മതി എന്ന് വ്യംഗമായി പറഞ്ഞൊരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വോക്സ് പോപ് രീതിയിലുള്ള അഭിമുഖത്തിലാണ് യുവതിയുടെ ഉള്ളിലുള്ളത് പുറത്തു വന്നത്. ‘കാഴ്ചയിൽ ഞാനും ഭർത്താവും തമ്മിൽ ചേർച്ചയില്ലെങ്കിലും അദ്ദേഹത്തിന്റെ പഴ്സ് സുന്ദരമാണ്. എന്നെ സന്തോഷിപ്പിക്കാനുള്ള വക അദ്ദേഹത്തിന്റെ പഴ്സിലുണ്ട്’ എന്നാണ് യുവതി പറഞ്ഞത്. ബന്ധം തിരഞ്ഞെടുക്കുമ്പോൾ രൂപഭംഗിക്കാണോ പണത്തിനാണോ പ്രാധാന്യം കൊടുക്കുക എന്ന ചോദ്യത്തിനാണ് യുവതി മറുപടി നൽകിയത്. തനിക്ക് ലുക്കിലൊന്നും വിശ്വാസമില്ലെന്നും കാഴ്ചയിൽ ഭർത്താവിനേക്കാൾ നല്ലത് താനാണെന്നറിയാമെന്നും അദ്ദേഹത്തിന്റെ പഴ്സ് സുന്ദരമാണെന്നുമായിരുന്നു യുവതി മറുപടിയായി പറഞ്ഞത്.
‘ഇതൊരു 15 വർഷം പഴക്കമുള്ളൊരു കഥയാണ്. ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗമേതാണെന്നു വച്ചാൽ എന്റെ ആവശ്യമെന്തായാലും അവൻ കൂടെയുണ്ടാകുമെന്നതാണ്. ഞാൻ എന്തെങ്കിലും ആഗ്രഹിച്ചാൽ അതിലും മികച്ചത് നൽകാൻ കഴിയുമെന്നാണ് അവനെപ്പോഴും എന്നോട് പറയാറുള്ളത്.’ – യുവതി കൂട്ടിച്ചേർത്തു. കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച യുവതിയുടെ സത്യസന്ധതയെ ചിലർ അഭിനന്ദിക്കുമ്പോൾ ഭർത്താവിനെ ഒപ്പം നിർത്തി ഇങ്ങനെ പഞ്ഞത് ശരിയായില്ലെന്ന രീതിയിലാണ് ചിലർ പ്രതികരിച്ചത്.
കാശിനു വേണ്ടി മാത്രം ഭർത്താവിനൊപ്പം നിൽക്കുന്ന സ്ത്രീ എന്നായിരുന്നു മറ്റൊരാളുടെ വിമർശനം. അവൾ സത്യസന്ധയെങ്കിലുമാണ് എന്തിനാണ് അവൾ ഭർത്താവിനൊപ്പം നിൽക്കുന്നതെന്നെങ്കിലും മനസ്സു തുറന്നു പറയുന്നുണ്ട്. അവളുടെ മനസ്സിലിരിപ്പിനെപ്പറ്റി അയാൾക്കും കൃത്യമായറിയാം. അതുകൊണ്ട് തന്നെ ഈ ബന്ധം ഏറെ നാൾ മുന്നോട്ടു പോകും. കാരണം കപട പ്രതീക്ഷകൾക്ക് ഇവരുടെ ജീവിതത്തിൽ സ്ഥാനമില്ലെന്നും മറ്റുചിലർ പറയുന്നു. ദൃശ്യങ്ങളെച്ചൊല്ലി സമൂഹമാധ്യമങ്ങൾ പരസ്പരം കലഹിക്കുന്നുണ്ടെങ്കിലും ഈ വിഡിയോ എന്നു പുറത്തു വന്നതാണെന്നതിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.




