Sports

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യും മുമ്പ് കോഹ്ലിയെ തേടി ആ റെക്കോഡ് എത്തി…!!

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളിയുടെ തുടക്കത്തില്‍ തന്നെ മനോഹരമായ ഒരു റെക്കോഡ് കൈപ്പിടിയിലാക്കി ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോഹ്ലി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത ഇന്ത്യന്‍ കളിക്കാരനായിട്ടാണ് കോഹ്ലി മാറിയത്. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ സ്‌ളിപ്പില്‍ ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കിയ കോഹ്ലി ലോകകപ്പിലെ ക്യാച്ചുകളുടെ എണ്ണം 15 ആക്കി മാറ്റി.

ഇന്ത്യയുടെ മൂന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ ദീര്‍ഘകാലമായി കൈവശം വെച്ചിരുന്ന റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇന്നിംഗ്സിന്റെ തുടക്കത്തില്‍, ജസ്പ്രീത് ബുംറ ഒരു ഔട്ട്-സ്വിംഗര്‍ എറിഞ്ഞു, അത് സ്റ്റാര്‍ ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ ബാറ്റിന്റെ പുറത്തെ എഡ്ജ് കിട്ടി, നേരെ വിരാട് കോഹ്ലി നില്‍ക്കുന്ന ഫസ്റ്റ് സ്ലിപ്പിലേക്ക് പറന്നു. മാര്‍ഷിനെ ഡക്കിന് പുറത്താക്കാന്‍ കോഹ്ലി ഒരു ഡൈവിംഗ് ക്യാച്ചെടുത്തു. അങ്ങനെ ലോകകപ്പിലെ 15-ാം ക്യാച്ചെടുത്തു.

14 ക്യാച്ചുകളാണ് അനില്‍ കുംബ്‌ളേ ലോകകപ്പില്‍ എടുത്തിട്ടുള്ളത്. വിരാട് കോഹ്ലിക്ക് ഇപ്പോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമായി 305 ക്യാച്ചുകള്‍ ഉണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി വെറും 30 ക്യാച്ചുകള്‍ മാത്രം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുത്ത നാലാമത്തെ താരമാകാനും കോഹ്ലിയ്ക്കായി. ഇവിടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രെയിം സ്മിത്തിനൊപ്പമായി കോഹ്ലി.