Sports

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി; ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് റെക്കോഡ് സ്‌കോര്‍ 428/5

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍, അതിവേഗ സെഞ്ച്വറി, ഒരു ഏകദിനത്തില്‍ മൂന്ന് പേര്‍ക്ക് സെഞ്ച്വറി. ലോകകപ്പിന്റെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ റെക്കോഡ് ബാറ്റിംഗ്. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക്, വാന്‍ ഡെര്‍ ഡുസെന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ മാര്‍ക്രം ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി ലോകറെക്കോഡ് ഇട്ടു. ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഫയര്‍വര്‍ക്‌സ്.

കളിയില്‍ രണ്ടാം ഓവറിലെ നാലാം പന്തില്‍ തങ്ങളുടെ ആദ്യവിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു ദക്ഷിണാഫ്രിക്ക തങ്ങളുടെ ബാറ്റിംഗിന്റെ കരുത്തു മുഴുവന്‍ പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ ക്വിന്റണ്‍ ഡീകോക്കും വാര്‍ഡര്‍ ഡുസനും ചേര്‍ന്ന് കണ്ടെത്തിയത് 200 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു. 10 റണ്‍സിന് ആദ്യവിക്കറ്റ് വീണ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റ് വീണത് 214 ല്‍ എത്തിയപ്പോഴായിരുന്നു. ഈ സമയത്ത് ക്വിന്റണ്‍ ഡീകോക്കും വാന്‍ ഡെര്‍ ഡുസനും സെഞ്ച്വറികള്‍ നേടി. 84 പന്തുകളില്‍ നിന്നുമായിരുന്നു ഡീകോക്കിന്റെ 100 റണ്‍സ്. 12 ബൗണ്ടറികളും മൂന്നു സിക്‌സറുകളും പറന്നു. മറുവശത്ത് 110 പന്തുകളില്‍ ഡുസെന്‍ 108 റണ്‍സ് നേടി. 13 ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറന്നു.

ഇതിനെല്ലാം ശേഷമായിരുന്നു മാര്‍ക്രത്തിന്റെ വെടിക്കെട്ട്. വെറും 54 പന്തുകളില്‍ നിന്നും മാര്‍ക്രം അടിച്ചുകൂട്ടിയത് 106 റണ്‍സായിരുന്നു. 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറന്ന ഇന്നിംഗ്‌സ് ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിട്ടാണ് മാറിയത്. 50 പന്തുകളില്‍ 100 എന്ന 2011 ല്‍ കെവിന്‍ ഒബ്രയാന്‍ ഇംഗ്‌ളണ്ടിനെതിരേ നേടിയ സെഞ്ച്വറിയുടെ റെക്കോഡാണ് വഴിമാറിയത്. വെറും 49 പന്തില്‍ നിന്നും മാര്‍ക്രം 100 റണ്‍സ് നേടിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരു ദയയും കാട്ടാതെ അടിച്ചു തകര്‍ത്തപ്പോള്‍ ലോകകപ്പിലെ ഏറ്റവും വലിയ ടോട്ടല്‍ എന്ന റെക്കോഡും ദക്ഷിണാഫ്രിക്കയുടെ പേരിലായി 428/5. 2015 ല്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരേ പെര്‍ത്തില്‍ നേടിയ 417 ന് ആറെന്നെ റെക്കോഡാണ് പഴങ്കഥയായി മാറിയത്. 45 ബൗണ്ടറികളും 14 സിക്‌സറുകളുമാണ് പറന്നത്. ശ്രീലങ്കയുടെ പ്രധാന ബൗളര്‍ കാസുന്‍ രജിത 10 ഓവറുകളില്‍ വഴങ്ങിയത് 90 റണ്‍സായിരുന്നു. മറ്റൊരു ബൗളര്‍ ദില്‍ഷന്‍ മധുഷനക 10 ഓവറില്‍ 86 റണ്‍സും വഴങ്ങി. നാല് ഓവറില്‍ ധനജ്ഞയ ഡിസില്‍വയ്ക്കിട്ട് 39 റണ്‍സ് അടിച്ചപ്പോള്‍ ആറ് ഓവര്‍ എറഞ്ഞി ഷനക 36 റണ്‍സുമായി രക്ഷപ്പെട്ടു.