Crime

‘സഖാവായിരുന്നോ ആ കള്ളന്‍’, പ്രതിയെ തിരയാന്‍ ഒപ്പംകൂടി, കുടുക്കിയത് നീല ജൂപ്പിറ്റര്‍ സ്കൂട്ടർ

കൂത്തുപറമ്പ്‌: വയോധികയുടെ മാല പൊട്ടിച്ച കേസില്‍ സി.പി.എം. നഗരസഭാ കൗണ്‍സിലര്‍ അറസ്‌റ്റില്‍. കൂത്തുപറമ്പ്‌ നഗരസഭാ കൗണ്‍സിലര്‍ പി.പി. രാജേഷ്‌(47) ആണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ 16ന്‌ ഉച്ചയ്‌ക്കാണ്‌ സംഭവം. കൂത്തുപറമ്പ്‌ കണിയാര്‍കുന്ന്‌ കുന്നുമ്മല്‍ വീട്ടില്‍ പി. ജാനകി(77)യുടെ ഒരു പവന്‍ തൂക്കമുള്ള മാലയാണ്‌ കൗണ്‍സിലര്‍ പൊട്ടിച്ചെടുത്ത്‌ രക്ഷപ്പെട്ടത്‌.

ഉച്ചയ്‌ക്ക്‌ വീടിന്റെ അടുക്കളയില്‍ ജാനകി മീന്‍ വൃത്തിയാക്കുന്നതിനിടെ വീടിനകത്ത്‌ കയറി മാല പൊട്ടിച്ചശേഷം തള്ളിയിട്ടു രക്ഷപ്പെടുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഹെല്‍മറ്റ്‌ ധരിച്ച ആളാണ്‌ മാലയുമായി ഓടിയതെന്ന്‌ ജാനകി പറഞ്ഞു. വിവരമറിഞ്ഞ്‌ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്‌ക്കും മോഷ്‌ടാവ്‌ കടന്നുകളഞ്ഞിരുന്നു.

പിന്നീട്‌ കൂത്തുപറമ്പ്‌ എ.എസ്‌.പി: കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ നീല ജൂപ്പിറ്റര്‍ ബൈക്കില്‍ മുഖം മറിച്ച്‌ ഒരാള്‍ രക്ഷപ്പെടുന്നതു കണ്ടത്‌. വാഹനം നാലാം വാര്‍ഡ്‌ കൗണ്‍സിലറായ പി.പി. രാജേഷിന്റേത്‌ ആണെന്ന്‌ പോലീസ്‌ കണ്ടെത്തി.

അന്വേഷണത്തെ സഹായിക്കാനെന്ന രീതിയില്‍ ഇതിനിടെ രാജേഷും നാട്ടുകാരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്‌. എന്നാല്‍, പോലീസ്‌ രാജേഷിലേക്കു തിരിഞ്ഞതോടെ പ്രതി മുങ്ങാനുള്ള ശ്രമങ്ങള്‍ നടത്തി.
ചോദ്യംചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. കവര്‍ന്ന ഒരു പവന്റെ മാല രാജേഷില്‍നിന്നു കണ്ടെടുത്തു. രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു പുറത്താക്കിയതായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി.
കൂത്തുപറമ്പ്‌ ഈസ്‌റ്റ്‌ ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ്‌ പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിച്ചതിനാണ്‌ പുറത്താക്കലെന്ന്‌ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സി.പി.എം. പ്രാദേശിക നേതാവും മൂര്യാട്‌ സ്വദേശിയുമായ പി.പി. രാജേഷ്‌ മോഷണക്കേസില്‍ പിടിയിലായത്‌ പാര്‍ട്ടിക്ക്‌ വലിയ നാണക്കേടായി. രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന്‌ കൂത്തുപറമ്പ്‌ ഏരിയാ കമ്മിറ്റി ശിപാര്‍ശ ചെയ്‌തു. തുടര്‍ന്നാണ്‌ അടിയന്തരനടപടി.