Health

50ല്‍ അധികം കാന്‍സറുകള്‍ കണ്ടെത്താന്‍ ഈ രക്‌തപരിശോധന മാത്രം മതി !

വാഷിങ്‌ടണ്‍: അന്‍പതിലധികം കാന്‍സറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന രക്‌തപരിശോധനാ സംവിധാനവുമായി യു.എസ്‌. കമ്പനി. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്രെയ്‌ലാണു കണ്ടെത്തലിനു പിന്നില്‍. ഗല്ലേറി പരിശോധനയിലൂടെ ട്യൂമറില്‍നിന്നു രക്‌തത്തില്‍ കലരുന്ന കാന്‍സര്‍ ഡി.എന്‍.എയുടെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. പരിശോധനയിലുടെ വിവിധ തരം കാന്‍സറുകള്‍ കണ്ടെത്താന്‍ കഴിയുമെന്നു ഗവേഷകര്‍ അറിയിച്ചു.
രോഗം കണ്ടെത്തപ്പെട്ടവരില്‍ പകുതിയിലധികവും ആദ്യഘട്ടത്തിലായിരുന്നു. അതു ചികിത്സ എളുപ്പമാക്കാനും രോഗം ഭേദമാക്കാനും സാധ്യത വര്‍ധിപ്പിക്കുന്നു.
യുഎസ്‌, കാനഡ എന്നിവിടങ്ങളിലെ 25,000 മുതിര്‍ന്നവരെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചായിരുന്നു ഗവേഷണം. പരീക്ഷണത്തില്‍, ഏകദേശം നൂറില്‍ ഒരാള്‍ക്ക്‌ പോസിറ്റീവ്‌ ഫലം ലഭിച്ചു. ഇവരില്‍ 62% ആളുകളിലും പിന്നീട്‌ കാന്‍സര്‍ സ്‌ഥിരീകരിക്കപ്പെട്ടു.

ഈ കണ്ടെത്തല്‍ കാന്‍സര്‍ സ്‌ക്രീനിങ്ങില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു ഗവേഷകനായ ഡോ. നിമ നബവിസദേഹ്‌ അഭിപ്രായപ്പെട്ടു. നെഗറ്റീവ്‌ ഫലം ലഭിച്ചവരില്‍ 99% ആളുകളിലും കാന്‍സര്‍ ഇല്ലെന്നു കൃത്യമായി കണ്ടെത്താന്‍ ഈ ടെസ്‌റ്റിന്‌ കഴിഞ്ഞു.പരിശോധനയിലൂടെ കണ്ടെത്തിയ കാന്‍സറുകളില്‍ മുക്കാല്‍ പങ്കും അണ്ഡാശയം, കരള്‍, ആമാശയം, മൂത്രസഞ്ചി, പാന്‍ക്രിയാസ്‌ തുടങ്ങിയവയുടെ കാന്‍സറുകളാണ്‌. ഇവയ്‌ക്ക്‌ നിലവില്‍ പ്രത്യേക സ്‌ക്രീനിങ്‌ സംവിധാനങ്ങള്‍ ലഭ്യമല്ല. പത്തില്‍ ഒന്‍പത്‌ കേസുകളില്‍ കാന്‍സറിന്റെ ഉറവിടം കണ്ടെത്താനും ഈ രക്‌തപരിശോധനയ്‌ക്ക്‌ കഴിഞ്ഞു.

തങ്ങളുടെ കണ്ടെത്തല്‍ കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവാകുമെന്നു ഗ്രെയ്‌ല്‍ കമ്പനിയുടെ പ്രസിഡന്റ്‌ ഹര്‍പാല്‍ കുമാര്‍ അവകാശപ്പെട്ടു. രോഗം കണ്ടെത്താന്‍ വൈകുന്നതുകൊണ്ടാണ്‌ ഭൂരിഭാഗം ആളുകളും മരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.