Sports

വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകുതിപോലും കാണികളില്ല; ഉദ്ഘാടന മത്സരത്തില്‍ ബിസിസിഐയെ ട്രോളി നെറ്റിസണ്‍മാര്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമിട്ട ആദ്യ ദിനം തന്നെ ബിസിസിഐ യെ ട്രോളി ക്രിക്കറ്റ് ആരാധകരായ നെറ്റിസണ്‍മാര്‍. ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം വെച്ച ബിസിസിഐ പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം അപ്പാടെ പാളിയെന്നാണ് പരിഹാസം.

1,30,000 സീറ്റുകളുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരം നടന്നത്. എന്നാല്‍ മത്സരത്തിലെ കാണികള്‍ സെക്കന്റ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം.

ക്രിക്കറ്റ് ആവേശമുള്ള രാജ്യത്ത് നരേന്ദ്ര മോദി സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പകുതി നിറയാന്‍ പോലുമുള്ള കാണികള്‍ കളികാണാന്‍ എത്തിയില്ല. 1,000 രൂപ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടും ആയിരങ്ങള്‍ക്ക് സംഘടകര്‍ സൗജന്യ ടിക്കറ്റ് വരെ നല്‍കിയിട്ടും, ന്യൂസിലന്റ്. ഇംഗ്ലണ്ട് മത്സരം ആളും ആരവവും ഇല്ലാതെ ആരംഭിക്കേണ്ട ഗതികേടിലായിരുന്നു.

പലരും ശൂന്യവും വിജനവുമായ സ്‌റ്റേഡിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. മാര്‍ക്വീ ഇവന്റിന് മുന്നോടിയായുള്ള മോശം ആസൂത്രണത്തിനും ടിക്കറ്റിംഗ് അഡ്മിനിസ്‌ട്രേഷനും ബിസിസിഐയെ നെറ്റിസണ്‍സ് ആക്ഷേപിക്കുകയാണ്. ” അത്യാഗ്രഹിയായി ഓരോ വലിയ മത്സരവും ആ സ്റ്റേഡിയത്തിന് നിങ്ങള്‍ കൈമാറുമ്പോള്‍ ഇങ്ങിനെ സംഭവിക്കും. നിങ്ങള്‍ക്ക് അതിന്റെ പകുതി പോലും നിറയ്ക്കാന്‍ കഴിയില്ല, ”ഒരാള്‍ പറഞ്ഞു. ”ആദ്യ ലോകകപ്പിന് സ്റ്റേഡിയം ശൂന്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ പതിപ്പിലെ ഫൈനലിസ്റ്റുകളായ രണ്ട് വലിയ ടീമുകള്‍ കളിച്ചിട്ടും എന്താണ് സംഭവിക്കുന്നത്? ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?” മറ്റൊരാള്‍ ചോദിച്ചു.

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് കൊല്‍ക്കത്തയോ മുംബൈയോ ആയിരുന്നു നല്ലതെന്നും അഹമ്മദാബാദിലെ മിക്കവാറും ശൂന്യമായ സ്റ്റേഡിയം കാണുന്നത് നിരാശാജനകമാണെന്നും വേറൊരാള്‍ കുറിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെയാണ് നവംബര്‍ 19 ന് ഫൈനല്‍ നടക്കുന്നതും. ഇന്ത്യ ഫൈനലില്‍ എത്തിയില്ലെങ്കില്‍ ആ മത്സരത്തിനും ഉദ്ഘാടന മത്സരത്തിന്റെ ഗതിവരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.