Health

പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം ; ലക്ഷണങ്ങൾ അവ​ഗണിക്കരുതെന്ന് മുന്നറിയിപ്പ്, പുതിയ പഠനം ശ്രദ്ധേയം

വ്യായാമത്തിനിടെയും കളിക്കളത്തിലും സാധാരണ ജീവിതത്തിലു പെട്ടെന്നുണ്ടാകുന്ന കു​ഴഞ്ഞുവീണു മരണങ്ങള്‍ ധാരാള റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍ ശ്രദ്ധേയമാകുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ അതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ എന്തെങ്കിലും നേരത്തെ തന്നെ ഉണ്ടായേക്കാമെന്ന് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് ലീഡര്‍ ഡോ. ഹന്നോ താന്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനത്തെ പ്രതിരോധിക്കുക ചികിത്സ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എസ്‌കേപ്പ് നെറ്റ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ച 10,000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് അതേക്കുറിച്ചുള്ള ഡാറ്റയും എസ്‌കേപ്പ് നെറ്റ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്.

”പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ജനിതക കാരണങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ ഡാറ്റ സഹായിക്കും,” -ഡോ. താന്‍ പറഞ്ഞു. പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അതിജീവന സാധ്യത കുറവാണെന്നും ശാസ്ത്രീയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം വലിയൊരു പൊതുജനാരോഗ്യ പ്രശ്നം തന്നെയാണെന്നും ഇത്രയും കാലം അക്കാര്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ നിര്‍ണായക കണ്ടെത്തലുകളാണ് തങ്ങള്‍ നടത്തുന്നതെന്നും ഡോ.ഹന്നോ താന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാവസായിക രാജ്യങ്ങളില്‍ അഞ്ചിലൊന്ന് മരണങ്ങളുടെയും കാരണം പെട്ടെന്നുള്ള ഹൃദയസ്തംഭനമാണ്. കാര്‍ഡിയാക് ആരീത്മിയ അഥവാ വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷന്‍ ഉണ്ടായാല്‍ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിംഗ് ഇല്ലാതാകുകയും രക്തപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു. രക്തയോട്ടം വേഗത്തില്‍ പുനക്രമീകരിച്ചില്ലെങ്കില്‍ 10 മുതല്‍ 20 വരെ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും. ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളുടെ എണ്ണവും മുമ്പത്തേക്കാള്‍ കൂടിവരികയാണ്. ജീവിതശൈലിയിലെ മാറ്റം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, ശാരീരിക വ്യായാമത്തിന്റെ കുറവ് തുടങ്ങിയ പല കാരണങ്ങളും ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. തളര്‍ച്ച, ഹൃദയമിടിപ്പ്, പള്‍സ് ഇല്ലാതെയാകല്‍, ശ്വാസതടസം, ബോധക്ഷയം, നെഞ്ചിലെ അസ്വസ്ഥത തുടങ്ങിയവയെല്ലാം പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ വിവിധ ലക്ഷണങ്ങളാണ്.

എസ്‌കേപ്പ്-നെറ്റ് തയ്യാറാക്കിയ 100-ലധികം പ്രബന്ധങ്ങള്‍ വിവിധ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍, അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേര്‍ണല്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണല്‍, നേച്ചര്‍ ജനറ്റിക്‌സ്, ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത്, റെസസിറ്റേഷന്‍, ഇപി യൂറോപേസ് എന്നിവയിലെല്ലാം ഈ പ്രബന്ധങ്ങള്‍ ലഭ്യമാണ്.